മാതാപിതാക്കളുടെ കല്ലറ പൊളിച്ചു നീക്കാനൊരുങ്ങി മകന്
1575138
Saturday, July 12, 2025 6:38 AM IST
നെയ്യാറ്റിന്‍കര: "അച്ഛനെയും അമ്മയെയുമായിരുന്നു ഒരുപാടിഷ്ടം. അവരെ കൊന്നവര്‍ക്കെതിരെ യാതൊരു നടപടിയുമില്ല." നെയ്യാറ്റിന്‍കര വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ ഡി. രാജയുടെയും ടി.അന്പിളിയുടെയും മകന് ആര്. രഞ്ജിത്ത് രാജ് വീട്ടുമുറ്റത്തിരുന്ന് പൊട്ടിക്കരയുന്പോള് വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ച...
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നിയമവ്യവസ്ഥയ്ക്കും എതിരേ രഞ്ജിത്ത് വിമര്‍ശനവും ഉന്നയിച്ചു. അഞ്ചു വര്‍ഷം മുന്‍പും രഞ്ജിത്തിന്റെ അണ പൊട്ടിയൊഴുകുന്ന സങ്കടവും രോഷവും കേരളം കണ്ടതാണ്. മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള കല്ലറയൊരുക്കാന്‍ കുഴിയെടുത്തുനിന്ന രഞ്ജിത്ത് പോലീസുകാരുടെ മുഖത്ത് നോക്കി വിരല്‍ ചൂണ്ടി പറഞ്ഞു- `നിങ്ങളെല്ലാപേരും കൂടിയാണ് എന്റെ അച്ഛനെയും അമ്മയെയും കൊന്നത്...` അന്ന് നിര്‍മിച്ച കല്ലറ പൊളിക്കാന്‍ പോവുകയാണെന്ന് രഞ്ജിത്ത് ഇന്നലെ ലോകത്തോട് വിളിച്ചു പറഞ്ഞു.
വീടും കല്ലറയും പൊളിച്ച് സ്ഥലം പഴയതുപോലെ ഉടമയ്ക്ക് തിരിച്ചു നല്‍കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
2020 ഡിസംബര്‍ 20 നാണ് രാജനും അന്പിളിക്കും തീപ്പൊള്ളലേല്ക്കുന്നത്. മൂന്നു സെന്റ് ഭൂമിയില്‍ തകര ഷീറ്റുകള്‍ മറച്ച വീടായിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള കിടപ്പാടം.
മാനസിക വെല്ലുവിളി നേരിടുന്ന അന്പിളി ചികിത്സ പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയെങ്കിലും അധികകാലം മക്കളോടൊപ്പം കഴിയാന്‍ വിധി അനുവദിച്ചില്ല. ഇവര്‍ താമസിക്കുന്ന പുരയിടത്തിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്ന കോടതിവിധിയുമായി അയല്‍വാസി വസന്ത എത്തിയതോടെയാണ് വിവാദങ്ങള്‍ തല പൊക്കിയത്.
ഒഴിപ്പിക്കല്‍ നടപടി നടക്കുന്നതിനിടയില്‍ രാജനും അന്പിളിയും ശിരസ്സില്‍ കൂടി മണ്ണെണ്ണ ഒഴിച്ച് പ്രതിഷേധിച്ചു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയില്‍ തീ പടര്‍ന്നു. ഇരുവരും ദാരുണമായി മരണമടഞ്ഞു.
വിവാദ പുരയിടത്തില്‍ ഒരു സന്നദ്ധ സംഘടന രാജന്റെയും അന്പിളിയുടെയും മക്കളായ രാഹുലിനും രഞ്ജിത്തിനുമായി പുതിയ വീട് നിര്‍മ്മിച്ചു നല്കി. കഴിഞ്ഞ ദിവസം ഈ പുരയിടം വസന്തയുടേതു തന്നെയെന്ന് വീണ്ടും കോടതി വിധിച്ചുവെന്ന് രഞ്ജിത്ത് പറയുന്നു. ഇതോടെ സര്‍ക്കാരില്‍ നിന്നും നീതി കിട്ടിയില്ലായെന്ന ആരോപണവുമായി രഞ്ജിത്ത് ബാങ്കിന്റെ രേഖകളും ആധാര്‍, എടിഎം, തിരിച്ചറിയല്‍ കാര്‍ഡുകളും കത്തിച്ച് പ്രതിഷേധിച്ചു.