പഴവങ്ങാടിയില്‍ യുവാക്കള്‍ തമ്മിലടിച്ചു; മൂന്നു പോലീസുകാരെ ആക്രമിച്ചു
1574364
Wednesday, July 9, 2025 7:10 AM IST
പേരൂര്‍ക്കട: തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിനു സമീപത്തെ അടിപിടിയുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. തിരുമല സ്വദേശി കൃഷ്ണപ്രസാദ് (19), തിരുവല്ലം സ്വദേശി ഷാരൂഖ് ഖാന് (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ്, ലഹരിമരുന്ന് എന്നിവക്ക് അടിമകളും ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടവരുമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
സംഭവദിവസം ലഹരിമൂത്ത ഇവര്‍ പരസ്പരം അസഭ്യവര്‍ഷവും വാക്കേറ്റവും തുടങ്ങുകയായിരുന്നു. ലഹരിസംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നും ഇടയ്ക്കിടെ ഇത്തരം സംഘങ്ങള്‍ ഏറ്റുമുട്ടാറുണ്ടെന്നും ഫോര്‍ട്ട് സിഐ ശിവകുമാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു.
ഇതിനിടെ സിപിഒമാരായ രാഹുല്‍, സ്മിതേഷ്, ഹോം ഗാര്‍ഡ് സന്തോഷ് രാജ് എന്നിവരെ ഇരുവരും ആക്രമിച്ചു. അക്രമികളെ ജീപ്പില്‍ കയറ്റാനുള്ള ശ്രമത്തിനിടെ ഒരാളുടെ ആക്രമണത്തിനിടയില്‍ സിപിഒ രാഹുല്‍ മറിഞ്ഞുവീണു. സ്മിതേഷിനും സന്തോഷ് രാജിനും കൈകാലുകള്‍ക്കും നെഞ്ചിനും പരിക്കേറ്റു.
ഇവര്‍ തിരുവനന്തപുരം ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. എസ്ഐമാരായ അനു, വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയാണ് സംഘത്തെ പിടികൂടിയത്. പ്രതികളെ കോ ടതി റിമാന്‍ഡ് ചെയ്തു.