കേരളം കണ്ട ഏറ്റവും വലിയ കിണർ ദുരന്തം : മഹാരാജൻ വിട പറഞ്ഞിട്ട് രണ്ടുവർഷം; ജപ്തി ഭീഷണിയിൽ കുടുംബം
1574353
Wednesday, July 9, 2025 6:53 AM IST
വിഴിഞ്ഞം : കിണറിനുള്ളിൽ അകപ്പെട്ടു മൂന്നു ദിവസം നീണ്ട പ്രാർഥനകളും വിഫലമാക്കി വിഴിഞ്ഞം മുക്കോല സ്വദേശി മഹാരാജൻ വിട പറഞ്ഞിട്ട് രണ്ട് വർഷം. ജപ്തിഭീഷണി വിട്ടൊഴിയാതെ കുടുംബം.
ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന മഹാരാജൻറെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ കടം എഴുതിത്തള്ളുമെന്നു രണ്ടു വർഷം മുൻപ് അധികൃതർ നൽകിയ വാഗ്ദാനം ഇതുവരെയും നടപ്പായില്ല. ബാങ്ക് ജപ്തിനടപടി ക്കൊരുങ്ങുന്നതായി വീട്ടുകാർ.
2023 ജൂലൈ എട്ടിനാണ് വിഴിഞ്ഞം മുക്കോലയിൽ സ്വകാര്യ വ്യക്തിയുടെ 90 അടി താഴ്ചയുള്ള കിണർ വൃത്തിക്കി റിങ്ങുകൾ സ്ഥാപിക്കുന്നതിനു മഹാരാജൻ ഉൾപ്പെട്ട സംഘം എത്തിയത്. കിണറിനുള്ളിൽ നിന്നു പണിയെടുക്കുകയായിരുന്ന ഇയാളുടെ മേൽ മുകളിൽനിന്നു മണ്ണിടിഞ്ഞു വീണു.
പകുതിയോളം മൂടിയ കിണറിനടിയിൽ അകപ്പെട്ട വെങ്ങാനൂർ നെല്ലിയറത്തല സ്വദേശി മഹാരാജനെ പുറത്തെടുക്കാൻ മൂന്നു രാവും പകലും രക്ഷാപ്രവർത്തകർക്ക് അക്ഷീണം പരിശ്രമിക്കേണ്ടിവന്നു. കേരളം കണ്ട ഏറ്റവും വലിയ കിണർ ദുരന്തവും രക്ഷാപ്രവർത്തനവുമായിരുന്നു അന്ന് ജനം കണ്ടത്.
ഫയർഫോഴ്സും പോലീസും, ദേശീയ ദുരന്ത നിവാരണസേനയും നാട്ടുകാരും ഉറക്കമില്ലാതെ നടത്തിയ കഠിന പരിശ്രമത്തിനെടുവിലാണ് മഹാരാജന്റെ ചേതനയറ്റ ശരീരം വീണ്ടെടുക്കാനായത്. നിർധന കുടുംബത്തിനു കൈത്താങ്ങായി കടമെടുത്തവായ്പ എഴുതിത്തള്ളുന്നതടക്കമുള്ള വാഗ്ദാനങ്ങൾ നൽകി അധികൃതർ മടങ്ങിയെങ്കിലും ഇതുവരെ ഒന്നും നടന്നില്ല.
വീടു നിർമാണത്തിനായി എടുത്ത രണ്ട് ലക്ഷത്തിന്റെ വായ്പ തുകയും പലിശയടക്കം ഇരട്ടിയായ തുകയും അടയ്ക്കണമെന്നു സഹകരണ ബാങ്കിൽ നിന്നുള്ള നിർദേശം വന്നതിന്റെ വിഷമത്തിലാണു മഹാരാജന്റെ ഭാര്യയും പെൺമക്കളുമടങ്ങുന്ന കുടുംബം. സർക്കാരിൽനിന്നും അടിയന്തര സഹായത്തിനൊപ്പം സ്വകാര്യ സ്കൂളിന്റെ നേതൃത്വത്തിൽ കിടപ്പാടത്തിന്റെ ശേഷിച്ച പണികളും പൂർത്തീകരിച്ചു നൽകിയതു മാത്രമാണ് ഏക ആശ്വാസം.
എന്നാൽ വായ്പ തുക തി രികെ അടക്കുന്നതു ഒഴിവാക്കുന്നതു സംബന്ധിച്ചു സർക്കാരിൽ നിന്നു തീരുമാനം വേണമെന്നും ബാങ്കിനു സ്വ ന്തം നിലക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും വെങ്ങാനൂർ സർവീസ് സഹകരണ ബാങ്ക് അധികൃതർ പറഞ്ഞു. എങ്കിലും ഭരണസമിതി തീരുമാനമെടുത്തു പലിശ ഇനത്തിൽ ഇളവുകൾ നൽകി.