കെഎസ്യു ഉപവാസ സമരം നടത്തി
1574350
Wednesday, July 9, 2025 6:53 AM IST
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നാരോപിച്ച് കെഎസ്യു മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും വേണ്ട സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹോസ്റ്റല്‍ സൗകര്യങ്ങളിലടക്കം വിദ്യാര്‍ഥികള്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപവാസം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമരം ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ ആരോഗ്യ മേഖലയെ തകര്‍ച്ചയിലേക്കു നയിക്കുകയാണെന്നും കേരളത്തിന്റെ ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങി പോകണമെന്നും സതീശന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അണിനിരന്ന ഉപവാസ സമരം രാവിലെ എട്ട് മുതല്‍ ആരംഭിച്ചു. കെഎസ്യു സംസ്ഥാന കണ്‍വീനര്‍ ഡോ. സാജന്റെ നേതൃത്വത്തില്‍ നടന്ന സമരം വൈകുന്നേരം നാലോടെയാണ് സമാപിച്ചത്.
മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, കെഎസ്യു സംസ്ഥാന സെക്രട്ടറി അസ്ലം ഓലിക്കന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഒടക്കലി, അഡ്വ. അസ്ലം, ജില്ല പ്രസിഡന്റ് ഗോപു നയ്യാര്‍, ആരോഗ്യ സര്‍വകലാശാലാ ജനറല്‍ കൗണ്‍സില്‍ അംഗം കൃഷ്ണപ്രസാദ്, മെഡിക്കല്‍ വിദ്യാര്‍ഥി നേതാക്കളായ സാലിഹ്, സല്മാന്, അഫ്ന, ജോജോ ആല്ബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.