വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഫിറ്റ്നസ് സെന്ററിനുള്ള ഉപകരണങ്ങൾ നശിക്കുന്നു
1574360
Wednesday, July 9, 2025 7:10 AM IST
നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ലക്ഷക്കണക്കിനു രൂപക്ക് വാങ്ങിയ വനിതാ ഫിറ്റ്നസ് സെന്ററിനുള്ള ഉപകരണങ്ങൾ തുരുമ്പെടുത്തു നശിക്കുന്നെന്ന് ആക്ഷേപം. ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിഹിതത്തിൽ ഉൾപ്പെടുത്തി വനിതകൾക്കായുള്ള ഫിറ്റ്നസ് സെന്റർ എന്റെയിടം പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ അനാഥമായി കിടക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വെള്ളനാട് സിഡിപിഒ വഴിയാണ് വനിതാ ഫിറ്റ്നസ് സെന്ററിനുള്ള തുക ചെലവഴിക്കേണ്ടത്. ഫിറ്റ്നസ് സെന്റർ തുടങ്ങാൻ ഓഫീസിനു സമീപത്തായി സ്ഥലവും അനുവദിച്ചു. ഇവിടെനിന്ന മരങ്ങൾ മുറിച്ചുമാറ്റി ഫിറ്റ്നസ് സെന്റർ തുടങ്ങാനാണ് പദ്ധതിയിട്ടത്. ഈ സ്ഥലത്തുണ്ടായിരുന്ന മരങ്ങൾ മുറിച്ചെങ്കിലും കെട്ടിടം പണി ഇതുവരെ ആരംഭിച്ചില്ല.
എട്ടു ലക്ഷം രൂപ വിലയുള്ള ഉപകരണങ്ങൾ നാലു മാസങ്ങൾക്ക് മുൻപ് വാങ്ങുകയായിരുന്നു. ഇതെല്ലാം ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തായി നിൽക്കുന്ന പ്ലാവിന്റെ ചുവട്ടിലായി അലക്ഷ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
സാധനങ്ങൾ മറയത്തക്ക വിധത്തിൽ ഇതിന് മുകളിലായി ടാർപോളിൻഷീറ്റ് കൊണ്ട് മൂടിയെങ്കിലും ശക്തമായ മഴയും വെയിലുമേറ്റ് ടാർപോളിൻ കീറുകയും ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിക്കുകയുമാണ്. ഇവിടെ തെരുവ് നായ്ക്കളും ഇഴജന്തുക്കളും താവളമാക്കിയിരിക്കുകയാണ്. ഇവയെ പേടിച്ച് വിവിധ ആവശ്യങ്ങൾക്കായി ബ്ലോക്ക് ഓഫീസ് വളപ്പിലെത്തുന്ന ജനങ്ങൾ ഭീതിയിലാണ്.