കരമനയിൽ ഫര്‍ണിച്ചറുകളുമായി പോയ ലോറിക്ക് തീപിടിച്ചു
1574022
Tuesday, July 8, 2025 6:28 AM IST
പേരൂര്‍ക്കട: ഫര്‍ണിച്ചറുകള്‍ കയറ്റി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ഉപകരണങ്ങള്‍ കത്തി നശിച്ചതിലൂടെ മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അധികൃതര്‍.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടുകൂടി കളിയിക്കാവിള-കരമന ദേശീയപാതയില്‍ കരമന പാലത്തിനു സമീപമായിരുന്നു സംഭവം. കാരയ്ക്കാമണ്ഡപത്തില്നിന്ന് ഫര്‍ണിച്ചറുകള്‍ കയറ്റി കൊല്ലം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. കാരയ്ക്കാമണ്ഡപത്തിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ കൊല്ലത്തേക്ക് ഷിഫ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഉപകരണങ്ങള്‍ ലോറിയില്‍ കയറ്റി യാത്ര ആരംഭിച്ചത്.
കരമന പാലം എത്തുന്നതിന് അരകിലോമീറ്റര്‍ മുമ്പുതന്നെ ലോറിയില്‍നിന്നു തീയും പുകയും ഉയരുന്നുണ്ടായിരുന്നു. രണ്ടു ലോറികളിലായാണ് സാധനങ്ങള്‍ കൊണ്ടുപോയത്. മുന്നേ പോയ ലോറിക്കു പിറകില്‍ വന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറിയെ പിന്തുടര്ന്നെത്തിയ വാഹന യാത്രികരാണ് തീ പിടിച്ച വിവരം അറിയിച്ചത്. ലോറിക്കുള്ളില്‍ കൊല്ലം സ്വദേശികളായ ഡ്രൈവറും സഹായിയുമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഉടന്‍തന്നെ വാഹനം നിര്‍ത്തുകയും തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയുമായിരുന്നു.
എസി, അലമാര, കസേരകള്‍ തുടങ്ങിയ നിരവധി സാധനങ്ങള്‍ കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചു. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്നു സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ സജിയുടെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ അനില്‍കുമാര്‍, ഷമീര്‍, വിമല്‍, അഭിലാഷ്, ഫയര്‍ ആൻഡ് റെസ്ക്യൂ ഡ്രൈവര്‍മാരായ വിജിന്, ഷിബു, ഹോം ഗാര്‍ഡ് ഗോപാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ഏറെ നേരം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ലോറിക്കുള്ളില്‍ രണ്ടു ഇന്‍വെര്‍ട്ടറുകള്‍ സുരക്ഷിതമല്ലാത്ത നിലയില്‍ സൂക്ഷിച്ചിരുന്നുവെന്നും ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. ലോറിയുടെ പുറംഭാഗം കുറച്ചു കത്തിപ്പോയെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ലോറി സംഭവസ്ഥലത്തുനിന്നു നീക്കം ചെയ്തു.