മഞ്ചവിളാകം- കാരക്കോണം റോഡിൽ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
1574359
Wednesday, July 9, 2025 6:54 AM IST
വെള്ളറട: മഞ്ചവിളാകം -കാരക്കോണം റോഡില്‍ വണ്ടിത്തടംകുന്നത്തുകാല് ഭാഗത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരു മാസത്തിനിടെ ഒരു ഡസനിലധികം അപകടങ്ങളാണ് വണ്ടിത്തത്തിനും കുന്നത്തുകാലിനുമിടയില് നടന്നത്. ഇരു ചക്രവാഹന ങ്ങളും മറ്റു വാഹനങ്ങളും അപകടത്തില്‍പ്പെടുന്നു.
വണ്ടിത്തടം ജംഗ്ഷനിലെ വളവ് മുതല്കുന്നത്തുകാല് വരെ റോഡിനിരുവശവും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാനിടമില്ലാത്ത നിലയിലാണ്. റോഡിനിരുവശത്തും പുല്ലും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞു കിടക്കുന്നതിനാല്‍ ടാര്‍ റോഡിലൂടെ കാല് നടയാത്രക്കാര്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നു. സമീപത്തെ വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന കുട്ടികളും രാവിലെയും വൈകുന്നേരവും റോഡിലൂടെ നടക്കേണ്ട അവസ്ഥയിലാണ്.
വള്ളിപ്പടര്‍പ്പുകളില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. റോഡിന് ഒരു വശം കൊല്ലയില്‍ പഞ്ചായത്തും മറു ഭാഗം കുന്നത്തുകാല്‍ പഞ്ചായത്തുമാണ്. തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് പോലും റോഡിനിരുവശവും വൃത്തിയാക്കാന്‍ പഞ്ചായത്തധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.