വസ്തുവും വീടും തട്ടിയെടുത്ത സംഭവം; മെറിന് ജേക്കബിനെ തെളിവെടുപ്പിനെത്തിച്ചു
1574028
Tuesday, July 8, 2025 6:28 AM IST
പേരൂര്‍ക്കട: വ്യാജ രേഖകള്‍ ഉണ്ടാക്കി വയോധികയുടെ വസ്തുവും വീടും തട്ടിയ സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന യുവതിയെ മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. കൊല്ലം പുനലൂര്‍ അലയമണ്‍ കോടാലി പച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്കു പിറകുവശം പുതുപ്പറമ്പില്‍ വീട്ടില്‍ മെറിന് ജേക്കബിനെയാണ് (27), ശാസ് തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസിലും കിള്ളിപ്പാലത്തെ ആധാരമെഴുത്ത് ഓഫീസിലുമെത്തിച്ച് തെളിവെടുത്തത്.
കവടിയാര്‍ ജവഹര്‍ നഗറിലെ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വസ്തുവും വീടുമാണ് മെറിനും ഡോറയോട് രൂപസാദൃശ്യമുള്ള കരകുളം സ്വദേശിനി വസന്ത (76) യെ ഉപയോഗിച്ച് തട്ടിയെടുത്തത്. ഇതിനായി വ്യാജ ഐഡി കാര്‍ഡുകളും മറ്റുരേഖകളും ഉപയോഗപ്പെടുത്തുകയായിരുന്നു.
ആധാരം രജിസ്റ്റര്‍ ചെയ്തത് ശാസ്തമംഗലത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു. ഇവിടെ പോലീസ് രേഖകള്‍ പരിശോധിച്ച് തട്ടിപ്പു നടന്നതായി ഉറപ്പുവരുത്തി. കിള്ളിപ്പാലത്തെ ഒരു വെന്‍ഡറുടെ ആധാരമെഴുത്ത് സ്ഥാപനത്തിലും ഇവരെ എത്തിക്കുകയായിരുന്നു. വെന്‍ഡറാണ് മെറിനെ ഉപയോഗിച്ച് ഇത്തരത്തിലുള്ള തട്ടിപ്പിനു രേഖകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. മെറിന് ജോലിചെയ്തിരുന്നതു ശാസ്തമംഗലം പൈപ്പിന്മൂടുള്ള ഒരു സ്ഥാപനത്തിലാണ്. ഈ സ്ഥാപനത്തെ ട്രസ്റ്റിനു കീഴിലാക്കുന്നതുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ക്ക് വെന്ഡര് ഇവിടെയെത്തിയിട്ടുണ്ട്. അങ്ങനെയാണ് മെറിനുമായി പരിചയപ്പെടുന്നതെന്നു പോലീസ് പറഞ്ഞു.
തുടര്‍ന്നാണു മെറിനെ ഒരു ഇടനിലക്കാരിയാക്കി മാറ്റി ഇവരുടെ പേരിലേക്ക് ഡോറയുടെ വസ്തുവും വീടും മാറ്റുന്നത്. അതേസമയം ഇതൊരു വലിയ തട്ടിപ്പാണെന്നും സ്വാധീനമുള്ള നിരവധി പേര് ഇതിനു പിന്നിലുണ്ടെന്നും അവരിലേക്ക് അന്വേഷണം ഉണ്ടാകുമെന്നും മ്യൂസിയം എസ്ഐ അറിയിച്ചു.
രണ്ടുദിവസത്തേക്കാണു മെറിന് ജേക്കബിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച ഇവരെ കൊല്ലത്തെ വീട്ടിലേക്കു തെളിവെടുപ്പിനു കൊണ്ടുപോകും.