ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
1565351
Friday, June 6, 2025 10:28 PM IST
പാറശാല: ദേശീയപാതയില്‍ പവതിയാന്‍വിളയില്‍ ഇരുചക്രവാഹനവും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. സഹയാത്രക്കാരനായ യുവാവിനെ ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വടൂര്‍ക്കോണം കുഴിഞ്ഞാന്‍വിള തൊട്ടരുകത്ത് പുത്തന്‍ വീട്ടില്‍ സുബിന് (22) ആണ് മരിച്ചത്.
പൊന്‍വിള സ്വദേശി അജീഷ് (27) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോജില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി എട്ടിന് തിരുവനന്തപുരത്തുനിന്നും നഗര്കോവിലിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും കളിയിക്കാവിളയിൽ നിന്നും പൊന്വിളയിലേക്ക് പോകുകയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടി ഇടിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടന്‍തന്നെ പാറശാല സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷനല്‍കി. പരിക്ക് അതീവ ഗുരുതരമായതുകാരണം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടുകൂടി സുബിൻ മരിച്ചു.
സ്വകാര്യ വാഹനത്തിലെ ജീവനക്കാരനാണ് മരിച്ച അവിവാഹിതനായ സുബിന്. കൂലിപ്പണിക്കാരനായ സുരേഷിന്റെയും പരേതയായ സത്യ സജിതയുടെയും മകനാണ് സുബിന്. സഹോദരന് സുജിന്‍.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. റോഡിലെ വെളിച്ചക്കുറവും തിരക്കുകളും അനധികൃത വാഹന പാര്‍ക്കിങ്ങുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.