കമ്പികള്‍ തുരുമ്പെടുത്തു തുടങ്ങി : ഒപി ബ്ലോക്കിലെ രണ്ടാംനില ഇനിയും യാഥാര്‍ഥ്യമായില്ല
1549667
Tuesday, May 13, 2025 6:49 PM IST
പേരൂര്‍ക്കട: ഗവ. ജില്ലാ ആശുപത്രിയില്‍ ഏഴു വര്‍ഷത്തിനു മുമ്പ് ആരംഭിച്ച ഒപി ബ്ലോക്കിലെ രണ്ടാംനില ഇനിയും യാഥാര്‍ഥ്യ മായില്ല. 2018-19 കാലഘട്ടത്തിലാണ് പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തിയത്.
കെട്ടിടത്തില്‍ സെല്ലാറില്‍ ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഒപി സംവിധാനവും ഡോക്ടര്‍മാരുടെ കാബിനുകളുമാണ് താഴ ത്തെ നിലയിൽ പ്രവര്‍ത്തിക്കുന്നത്. അതേസമയം ഓപ്പറേഷന് തിയേറ്ററുകളും വിവിധ സ്ഥലങ്ങളിലായി കിടക്കുന്ന മറ്റു സെക്ഷ നുകളുമാണ് രണ്ടാംനിലയിലേക്കു മാറ്റാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇതില്‍ പാലിയേറ്റീവ് കെയറും പുതിയ നിലയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. രണ്ടാംനിലയിലേക്ക് പോകുന്നതിനു ലിഫ്റ്റുകള്‍ നിര്‍മിച്ചിട്ടുണ്ട്.
എന്നാൽ ലിഫ്റ്റ് പൂർണമായി പ്രവര്ത്തനസജ്ജമായിട്ടുമില്ല. രണ്ടാംനില പണിയുന്നതിനുവേണ്ടി നിര്‍മിച്ചിട്ടുള്ള കോണ്‍ക്രീറ്റ് കമ്പികള്‍ വര്‍ഷങ്ങളായി മഴയും വെയിലുമേറ്റു തുരുമ്പെടുത്ത നിലയിലാണ്. അതിപ്പോള്‍ മാറ്റിപ്പണിതാല്‍ മാത്രമേ രണ്ടാംനില യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ.
നിലവില്‍ സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന അത്യാഹിത വിഭാഗവുമായി ബന്ധപ്പെട്ട സെക്ഷനുകള്കൂടി പുതിയ നിലയിലേക്കു കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ നീണ്ട ഏഴുവര്‍ഷം പിന്നിട്ടിട്ടും രണ്ടാമത്തെ നില യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടിയുള്ള യാതൊരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല.