ജൈവ പച്ചക്കറിക്കൃഷിയിൽ മൂന്നാംതവണയും നൂറുമേനി വിളവെടുത്ത് കിസാൻസഭ
1549666
Tuesday, May 13, 2025 6:49 PM IST
നെടുമങ്ങാട്: കാർഷിക വൃത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യ കിസാൻസഭ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷിയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുമേനി വിളവ്. ആര്യനാട് കൃഷി ഭവൻ പരിധിയിലെ കൊക്കോട്ടേലാ മൈലമൂട്ടിൽ ഒരേക്കർ 10 സെന്റ് സ്ഥലത്ത് കിസാൻ സഭ പ്രവർത്തകർ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും പരിശ്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് ആര്യനാട് കിസാൻ സഭയുടെ തുടർച്ചയായ പച്ചക്കറി കൃഷിയെന്നും ഇതു മാതൃകാപരമാണെന്നും മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന ക്ഷീര വികസന ബോർഡ് ചെയർമാനും കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ വി.പി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. വെള്ളരി, പടവലം, കത്തിരി, പയർ, പാവയ്ക്ക മുതലായവയാണ് വിളവെടുത്തത്. മാതൃകാ കർഷകൻ സുകുമാരന്റെ നേതൃത്വത്തിലായിരുന്നു കൃഷി. മൂന്നാം വർഷമാണ് ഇത്തവണ കൃഷി ചെയ്ത് വിളവെടുക്കുന്നത്.
ഉല്പന്നങ്ങൾ ഹോർട്ടി കോർപ്പ് വഴി വില്ലന നടത്തുമെന്ന് സിപിഐ ജില്ലാ കൗൺസിൽ അംഗം ഈഞ്ചപ്പുരി സന്തു അറിയിച്ചു. കിസാൻ സഭ നേതാക്കളായ സുകുമാരൻ, കെ. മഹേശ്വരൻ, ജയകുമാർ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.