കെഎസ്ആർടിസി കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി
1549653
Tuesday, May 13, 2025 6:45 PM IST
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിയിലെ കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി. കണ്ടല മാറനല്ലൂർ ചിറ്റിലകാട് വീട്ടിൽ ഷിബിമോ(36)നെയാണു പൂവച്ചൽ പേഴുംമൂടുവച്ചു കയറിയ യാത്രക്കാരൻ അസഭ്യം വിളിച്ചുകൊണ്ടു മർദിച്ചത്.
ഇക്കഴിഞ്ഞ 10നു രാവിലെ 6.50 ഓടെ കാട്ടാക്കട-വ്ലാവെട്ടി ബസിൽ സർവീസ് നടത്തി വരവേയാ യിരുന്നു സംഭവം. ബസ് യാത്ര മുടങ്ങിയതോടെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസം ഉണ്ടാകുകയും ഇതിലൂടെ കെഎസ്ആർടിസിക്ക് 10,000/- രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു എന്ന് കാട്ടാക്കട പോലിസിൽ ഷിബിൻ പരാതി നൽകിയിരുന്നു.
യാത്രക്കാരൻ അസഭ്യം വിളിച്ചപ്പോൾ ആവർത്തിക്കരുത് എന്ന് ഷിബിൻ വിലക്കി. എന്നാൽ ഇതിൽ പ്രകോപിതനായി സീറ്റിൽ ഇരുന്ന പ്രതി അസഭ്യം വിളിച്ചുകൊണ്ട് ചാടി എണീറ്റു ഷിബിയുടെ ഇടത്ത് കവിളിൽ ശക്തിയായി ഇടിച്ചു. തുടർന്ന് ഇയാൾ സുഹൃത്തിനെ വിളിച്ചു വരുത്തി ബസിൽനിന്ന് ഇറങ്ങി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഷിബിയുടെ മൊഴിയിൽ കണ്ടാൽ അറിയാവുന്ന രണ്ടുപേർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. അതേസമയം സംഭവം നടന്ന ഉടനെ പോലീസിൽ വിളിച്ചു പറഞ്ഞിട്ടും വൈകിയാണ് പോലീസ് എത്തിയതെന്നും ആരോപണമുണ്ട്.
ശനിയാഴ്ച പരാതി കൊടുത്തിട്ട് മൂന്നുദിവസം കഴിഞ്ഞു നടപടിയൊന്നും ആയിട്ടില്ലെന്നും ഷിബി പറയുന്നു.