സുകുമാർ അഴീക്കോട് സമൂഹനന്മയ്ക്കായി ജീവിതം സമർപ്പിച്ച പ്രതിഭ: മന്ത്രി വി.എന്്. വാസവൻ
1549654
Tuesday, May 13, 2025 6:45 PM IST
തിരുവനന്തപുരം : സമൂഹത്തിന്റെ നന്മയ്ക്കായി വാക്കുകളെ സൈന്യമാക്കിയ പ്രതിഭാശാലിയായിരുന്നു സുകുമാർ അഴിക്കോട് എന്ന് മന്ത്രി വി.എൻ. വാസവൻ. ഒരു വർഷം നീണ്ടുനില്ക്കുന്ന അ ഴീക്കോട് ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സുകുമാർ അഴീക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈഎംസിഎ ഹാളിലായിരുന്നു ചടങ്ങ്.
ക്രിയാത്മകമായ നിർദേശങ്ങളും അനീതിയ്ക്കെതിരായുള്ള ജാഗ്രതയും തിരമാലകൾ പോലെ ഉയർന്ന അഴീക്കോടിന്റെ പ്രഭാഷണങ്ങളിൽ നിറഞ്ഞുനിന്നിരുന്നുവെന്നും മന്ത്രി വി. വാസവൻ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങൾ മാനവരാശിക്കു സമർപ്പിച്ച സുകുമാർ അഴീക്കോട് സാംസ്കാരിക കേരളത്തിന്റെ പ്രകാശഗോപുരങ്ങളിൽ ഒന്നാണ്. തത്ത്വമസിയാണ് അഴീക്കോടിനെ ലോകമറിയുന്ന എഴുത്തുകാരനാക്കി മാറ്റിയതെന്നും മന്ത്രി വാസവൻ പറഞ്ഞു.
ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. വേഷത്തിലും ഭാവത്തിലും മാത്രമല്ല ജീവിതത്തിലും നൂറുശതമാനം ഗാന്ധിയൻ ആയിരുന്നു സുകുമാർ അഴീക്കോടെന്ന് അടൂർ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന തത്ത്വമസിയുടെ പ്രകാശന ചടങ്ങിൽ വച്ചാണ് അഴീക്കോടിനെ ആദ്യം കാണുന്നത്. മരിക്കുന്നതിനു കുറച്ചുനാൾ മുന്പ് കണ്ടപ്പോൾ രാജ്യം മുഴുവൻ പ്രഭാഷണങ്ങളുമായി നടക്കുന്നകാര്യം വളരെ ഉൗർജസ്വലതയോടെ അദ്ദേഹം പങ്കുവച്ചത്. അഴീക്കോടിന്റെ മരണവാർത്ത കേട്ടപ്പോൾ ഒരു തേങ്ങലായിരുന്നു തനിക്ക് ഉണ്ടായത്. ചോദിക്കാനും പറയാനും ഇനി ആരുണ്ട് എന്ന ഒരു വേദനയാണ് ആ വിയോഗം തന്നിൽ തീർത്തത്.
ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുസ്മരണ പ്രഭാഷണം നടത്തി. സുകുമാർ അഴിക്കോടിന്റെ മലയാള സാഹിത്യ വിമർശനം എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനം കവി പ്രഭാവർമ നിർവഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ഡോ. പോൾ മണലിൽ ആമുഖ പ്രസംഗം നടത്തി. ഡോ. ജേക്കബ് പാറക്കടവിൽ സ്വാഗതം ആശംസിച്ചു. വി. ദത്തൻ നന്ദി പറഞ്ഞു.