കൊലപാതകങ്ങളുടെ വീട്
1549645
Tuesday, May 13, 2025 6:45 PM IST
തോമസ് വർഗീസ്
തിരുവനന്തപുരം: പെറ്റമ്മയേയും പിതാവിനേയും സ്വന്തം സഹോദരി ഉൾപ്പെടെയുള്ളവരേയും മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം തീയിട്ടു കത്തച്ച കേഡൽ ജീൻസണ്‍ രാജയുടെ വീടിന്റെ ചുവരുകളിൽ എട്ടു വർഷം മുന്‍പത്തെ കൊടും പാതകത്തിന്റെ ഓർമകൾ ചാലിച്ചുവച്ചപ്പോലെ കരിയും മാറാലയും പടർന്നു കിടക്കുന്നു.
ഒരു കുടുംബത്തെ മുഴവൻ ഇല്ലാതാക്കിയ കൊടും ക്രിമിനൽ കേഡൽ ജീൻസൻ രാജയ്ക്ക് ഇന്നലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോൾ നന്ദൻകോടിലെ ദുരന്ത വീട് കാടുവളർന്ന് ഇഴജന്തുക്കളുടെ താവളവുമായി മാറി. പിതാവ് പ്രഫ. രാജ തങ്കം, മാതാവ് ഡോ. ജീൻ പദ്മ, സഹോദരി കരോലിൻ, ബന്ധുവായ ലളിത എന്നിവരെയാണ് ജീൻസണ്‍ കൊലക്കത്തിക്ക് ഇരയാക്കിയത്.
എട്ടുവർഷം മുന്‍പ് നിരവധി രോഗികൾ ചികിത്സയ്ക്കായി ഓരോ ദിവസവും വന്നിരുന്ന വീട്. ഇന്ന് വീടിന്റെ ഏറ്റവും താഴത്തെ നിലയിലെ കതകിന്റെ മുകളിലായി നൊന്പരപ്പെടുത്തുന്ന ഓർമയായി ഒരു ബോർഡ് -ഡോ.ജീൻ പത്മ . ആ ബോർഡ് ഇന്നും അവിടെ തൂങ്ങിക്കിടക്കുന്നു. നന്ദൻകോട് ബെയൻസ് കോന്പൗണ്ടിലെ 117-ാം നന്പർ വീട് ഒരു പ്രേതാലയത്തിനു സമമായാണ് കിടക്കുന്നത്. മേഖലയിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നായ വീട്ടിൽ കഴിഞ്ഞ എട്ടുവർഷമായി ആളനക്കമില്ല. വീട്ടിലുണ്ടായിരുന്ന എല്ലാവരേയും മൃഗീയമായ കൊന്നൊടുക്കിയ കൊലപാതകി ജയിലിൽ ആയതോടെ വീട് അനാഥമായി. റോഡിനു ഇരു വശത്തു നിന്നും വീട്ടിലേക്ക് കയറാനുള്ള ഗേറ്റുകൾ പൂട്ടിയിട്ട് വർഷങ്ങളുടെ പഴക്കം. പൂട്ടാനുപയോഗിച്ച ചങ്ങലയെല്ലാം തുരുന്പെടുത്ത സ്ഥിതിയിൽ.
ഗേറ്റുകളും തുരുന്പെടുത്ത് ജീർണിച്ച സ്ഥിതിയിലാണ്. വീട്ടിലേക്കുള്ള വഴിയ പൂർണമായും കാടു പിടിച്ചു കിടക്കുകയാണ്. ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കയാണ് ചെറുവഴികൾ. വർഷങ്ങൾക്ക് മുന്‍പ് ജീൻസണിന്റെ മാതാവ് ഡോ. ജീൻ പത്മ നട്ടു വളർത്തിയ റന്പുട്ടാൻ വീടിന്റെ ഒരു വശത്ത് കായിച്ചു നില്ക്കുന്നു.
തൊട്ടപ്പുറത്തായി ജാതി മരവും വിളഞ്ഞു നില്ക്കുന്നു. ജാതിമരം വളർന്ന് അതിന്റെ ചില്ലകൾ വീടിനു മുകളിലേക്ക് ചാഞ്ഞു കിടക്കുന്നു.
ബഹുനില മന്ദിരത്തിന്റെ ഏറ്റവും മുകൾ നിലയിലെ വശത്തെ മുറിയിൽ തീപിടുത്തത്തിന്റെ ഓർമകൾ അവശേഷിപ്പിച്ചുകൊണ്ട് ഭിത്തിയിൽ പുകയുടെയേും കരിയുടെയും പാടുകൾ. വള്ളിപ്പടർപ്പുകൾ വീടിനുള്ളിലേക്ക് വളർന്നു കിടക്കുകയാണ്. മുകൾ നിലയിലെ ജനാലകളും വാതിലും തീപിടുത്തത്തിൽ കത്തിനശിച്ച നിലയിൽ. താഴത്തെ നിലകളിലെ വാതികലുകളും ജനാലകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്.
കൂടപ്പിറപ്പുകളെ കൊന്നൊടുക്കിയ ശേഷം കത്തിച്ചു ചാന്പലാക്കാൻ ശ്രമിച്ചപ്പോൾ വീടിന്റെ സിമിന്റു പാളികൾ വിണ്ടുകീറിയ നിലയിലും കാണാം.
ക്ലിഫ് ഹൗസ് കോന്പൗണ്ട് ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്നതിനു സമീപത്തായുള്ള ബഹുനില മന്ദിരം വെയിലും മഴയുമേറ്റ് പായലും ചെളിയും പിടിച്ച സ്ഥിതിയിലാണ്. ഇന്ന് സമീപ വാസികൾ പോലും വീട്ടിലേക്ക് തിരിഞ്ഞുനോക്കാറില്ല.
അത്രയധികം ഭീതിയാണ് കേഡൽ ജീൻസണ്‍ രാജ നിഷ്ഠൂര കൊലപാതകത്തിലൂടെ വീട് നാട്ടുകാർക്ക് സമ്മാനിച്ചത്. ജീൻസന് പരമാവധി ശിക്ഷ ലഭിക്കണമെന്ന അഭിപ്രായമാണ് സമീപവാസികൾ ഓരോരുത്തരും പങ്കുവച്ചത്.