ടൂറിസം വകുപ്പിന് വേണ്ട : മതിപ്പുറത്ത് നോ പാർക്കിംഗ് ബോർഡുകളാൽ സുരക്ഷയൊരുക്കി പോലീസ്
1549651
Tuesday, May 13, 2025 6:45 PM IST
വിഴിഞ്ഞം: സഞ്ചാരികൾക്കു സുരക്ഷയൊരുക്കാൻ അധികൃതർക്ക് മടി. നോ പാർക്കിംഗ് ബോർഡുകൾകൊണ്ട് റോഡ് അടച്ച് വാഹനങ്ങൾ നിയന്ത്രിച്ചു പോലീസ്. എന്നാൽ കടൽ കാണാനെത്തുന്ന സഞ്ചാരികൾക്ക് കാൽ നടയായി ചുറ്റിക്കറങ്ങാം. വിനോദത്തിനായി ദിനംപ്രതി നൂറു കണക്കിന് ആൾക്കാർ വന്നു പോകുന്ന വിഴിഞ്ഞം മതിപ്പുറത്താണ് അധികൃതരുടെ വിചിത്ര നിയന്ത്രണം.
പൊട്ടിപ്പൊളിഞ്ഞ നടപ്പാതയും കയർകൊണ്ടു കെട്ടി സുരക്ഷയൊരുക്കിയിരിക്കുന്ന തുരുമ്പിച്ച കമ്പിവേലിയുമെല്ലാം ജനത്തിന്റെ പേടി വർധിപ്പിക്കുമ്പോഴും പ്രശ്നം പരിഹരിക്കാനുള്ള ടൂറിസം വകുപ്പ് അധികൃതരുടെ മടി തുടരുന്നു. കോവളം കഴിഞ്ഞാൽ കടലിന്റെ മാസ്മരികത ഏറ്റവും കൂടുതൽ അനുഭവിച്ചറിയാൻ കഴിയുന്നതിനുപരി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കപ്പലടുക്കുന്നതുമെല്ലാം നേരിട്ട് കണ്ടറിയാൻ കഴിയുന്ന ഏക തീരംകൂടിയാണ് മതിപ്പുറം.
പാറക്കെട്ടുകൾ നിറഞ്ഞു വലിയ അപകടം പതിയിരിക്കുന്ന സ്ഥലത്ത് സഞ്ചാരികളുടെ സുരക്ഷക്കായി നിർമിച്ച വേലിയും നടപ്പാതയും തകർന്നിട്ടു മാസങ്ങളായി. ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ കോടികൾ ചെലവഴിച്ചു നിർമിച്ച പാർക്കും വഴിവിളക്കുകളും അലങ്കാരങ്ങളുമെല്ലാം തകർന്നു തരിപ്പണമായി. സഞ്ചാരികൾ അപകടം നിറഞ്ഞ പാറക്കെട്ടിലേക്ക് ഇറങ്ങാതിരിക്കാൻ നിർമി ച്ച സുരക്ഷാവേലിയെങ്കിലും പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിച്ചില്ല.
വൈകുന്നേരങ്ങളിലെ ഇരുളിന്റെ മറവിൽ യുവാക്കൾ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ചു കയറ്റുന്നതും അഭ്യാസപ്രകടനങ്ങളും പതിവായിട്ടുണ്ട്. ഇതെല്ലാം ജനത്തിന്റെ ജീവനു ഭീഷണിയായതോടെ പോലീസ് കടലിൽ റോഡ് സംഗമിക്കുന്നതിനും നൂറു മീറ്ററോളം മറി ഗതാഗതം നിയന്ത്രിച്ചു. ഇതിനായി നിരവധി നോ പാർക്കിംഗ് ബോർഡുകളും നിരത്തി. നിയന്ത്രണം ഫലം കണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തിൽ തീരുമാനമായില്ല.