മതരാഗ സംഗമമായി ഗാന്ധിസ്മൃതി സംഗമം
1509865
Friday, January 31, 2025 6:46 AM IST
തിരുവനന്തപുരം: മഹാഗണപതിം മനസ്സാ സ്മരാമി.... എന്ന നാട്ട രാഗത്തിലെ ഗണപതി കീർത്തനത്തിന്റെ രാഗഗംഗയിൽ റബ്ബേ അള്ളാഹുവേ കാരുണ്യ കടലേ... എന്ന ശ്രീ രാഗത്തിലെ ഭക്തിനിർഭരമായ സ്തുതി കീർത്തനം യമുനയുടെ ഓളങ്ങൾ പോൽ അലിഞ്ഞു. ഇതിലേക്ക് അദൃശ്യമായ സരസ്വതി നദിയുടെ പുണ്യമായി നിറഞ്ഞത് യേശുനാഥനേ ലോക രക്ഷകനേ... എന്ന കാപ്പി രാഗത്തിലെ കൃതിയും.... വൈഎംസിഎയുടെ മുറ്റത്തെ സായംസന്ധ്യ ഇന്നലെ മതങ്ങളുടെ ത്രിവേണി സംഗമത്തിന്റെ മഹാസുകൃതമറിഞ്ഞു.
തിരുവനന്തപുരം വൈഎംസിഎ സ്വരാഞ്ജലിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സായാഹ്നത്തിൽ മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു അവതരിപ്പിച്ച മതമൈത്രി സംഗീത സദസ് അലൗകികമായ അനുഭൂതി പകർന്നു. മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ വാർഷികത്തിനു പ്രണാമമർപ്പിച്ച് കൊണ്ടാണ് സ്മൃതി സായാഹ്നം നടന്നത്. എല്ലാ മതങ്ങളെയും ഇന്ത്യൻ ജനതയെയും സ്വന്തം ഹൃദയത്തിൽ ചേർത്തുവച്ച ഗാന്ധിജി വിഭാവനം ചെയ്ത മതേതര ഭാരതത്തിന്റെ പ്രതീകമായി സംഗീതസദസ് മാറി.
മഹാത്മാഗാന്ധി ഏറെ ഇഷ്ടപ്പെട്ടിരുന്ന രഘുപതി രാഘവ രാജാറാം... വേദിയിൽ സംഗീതജ്ഞൻ ആലപിച്ചു. ശാന്തി നിലാവ് വേണ്ടും.... എന്ന ഗാന്ധിജിയുടെ ഇഷ്ടഗാനം തിലക് രാഗത്തിൽ ആണ് നിറഞ്ഞത്. പൂർവി രാഗത്തിലെ തില്ലാനയോടെയായിരുന്നു സമാപനം. വയലിനിൽ തിരുവനന്തപുരം രാഹുലും മൃദംഗത്തിൽ തിരുവനന്തപുരം ഹരിഹരനും തന്പുരുവിൽ വാഴമുട്ടം ചന്ദ്രബാബുവിന്റെ മക്കളായ അഭിജ ചന്ദ്രബാബുവും ആദിത്യ ചന്ദ്രബാബുവും താളമേകി.