തമലം സുരേഷ് വധക്കേസ് : മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു
1509858
Friday, January 31, 2025 6:46 AM IST
തിരുവനന്തപുരം: പൂജപ്പുര തമലം മേലെ ഉൗരാളി പുത്തൻ വീട്ടിൽ സുരേഷ് എന്ന കുട്ടനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.
കൊല്ലപ്പെട്ട സുരേഷ് സിപിഎം പ്രവർത്തകനും സിഐടിയു തൊഴിലാളിയുമായിരുന്നു. പ്രതികൾ എട്ടു പേരും ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ്. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചത്.
തമലം സ്വദേശികളായ തട്ടാൻവിള ലൈൻ മേലെതട്ടിൽ സാം ജോണ്സണ്, ചെന്പകതോട്ടത്തിൽ വീട്ടിൽ ഗിരീഷ്, മഠത്തിങ്കൽ കിഴക്കുംകര വീട്ടിൽ രഞ്ജിത്, തേരിവിള പൊറ്റയിൽ ശിവകുമാർ, വാളാത്തി കരിത്തക്കാട് പുത്തൻ വീട്ടിൽ അരുണ് കുമാർ, കാമരാജ് നഗർ പുതുശേരി കിഴക്കുംകര വീട്ടിൽ വിനോദ് കുമാർ, മഠത്തിങ്കൽ കിഴക്കേക്കര സരസ് നിവാസിൽ സുഭാഷ്കുമാർ, ചുളളമുക്ക് മുട്ടക്കടകകത്ത് സുനിൽകുമാർ എന്നിവരായിരുന്നു പ്രതികൾ.
തമലത്തുളള ആർഎസ്എസ് പ്രവർത്തകൻ ബിനുമോനെ 2013 സെപ്റ്റംബറിൽ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേഷ്.
ജാമ്യത്തിലിറങ്ങിയ സുരേഷ് തമലത്തുനിന്നു താമസം മാറ്റി മലയിൽകീഴ് വണ്ടന്നൂർ റസൽപുരം ക്ഷീര സംഘത്തിനു സമീപമുള്ള വീട്ടിൽ വാടകകയ്ക്ക് താമസിച്ച് പ്ലംബിംഗ് പണിക്ക് പോയാണ് ജീവിച്ചിരുന്നത്.
2016 ഓഗസ്റ്റ് 13ന് രാവിലെ പതിവുപോലെ പണിക്കു പോയ സുരേഷിനെ രാവിലെ ഒന്പതിനു വണ്ടന്നൂർ തേവരക്കാട് ക്ഷേത്രത്തിന് സമീപം വച്ച് പ്രതികൾ സുരേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ കാർ കൊണ്ട് ഇടിച്ചു സമീപത്തെ ഓടയിലിട്ട ശേഷംവെട്ടി കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
പ്രതികൾ ഓടിച്ച കാറിന്റെ ടയർ ഓടയിൽ കുടുങ്ങിയതിനാൽ കൃത്യത്തിനു ശേഷം പ്രതികൾ കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. കൂട്ടത്തിൽ ഒരു പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.