ടേബിള്‍ ടെന്നീസിൽ ചുവടുവച്ച് ഡിഫറന്റ് ആര്‍ട് സെന്റർ
1509595
Thursday, January 30, 2025 6:32 AM IST
തിരുവനന്തപുരം: കായിക മേഖലയിലേയ്ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ചുവടുവയ്പുമായി ടേബിള്‍ ടെന്നീസ് പരിശീലനത്തിന് തുടക്കം കുറിച്ചു. ഭിന്നശേഷിക്കാരുടെ ലോക ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 15വയസുകാരനായ ആരോണ്‍ അജിത്തിനോടൊപ്പം ടേബിള്‍ ടെന്നീസ് കളിച്ച് കായികതാരം കെ.എം. ബീനാമോള്‍ പദ്ധതിക്കു തുടക്കം കുറിച്ചു.
പാരാലിംപിക്സ്, ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുപ്പിക്കുന്നതിന് ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. കായിക മേഖലയിലും ഭിന്നശേഷിക്കാര്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് കൂടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുത്ത് രാജ്യത്തിന് അഭിമാനമാകണമെന്ന് ബീനാമോള്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു.
ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അധ്യക്ഷത വഹിച്ചു. കെ.എം. ബീനാമോള്‍ ആരോണ്‍ അജിത്തിനെ പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു.
സെന്ററില്‍ നിന്നും പിരിഞ്ഞുപോകുന്ന ജീവനക്കാരായ ഡോ. അഷ്ലി മോണിക്ക, അഭിമന്യു എന്നിവര്‍ക്കും മെമെന്റോ നല്കി. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഇന്റര്‍വന്‍ഷന്‍ ഡയറക്ടര്‍ ഡോ. അനില്‍നായര്‍ സ്വാഗതവും മാജിക് പ്ലാനറ്റ് മാനേജര്‍ സി.കെ. സുനില്‍രാജ് നന്ദിയും പറഞ്ഞു.