അന്പലമുക്ക് വിനീത കൊലക്കേസ് : ദൃശ്യങ്ങളിലുള്ളത് താൻ തന്നെയെന്നു സമ്മതിച്ച് പ്രതി
1509586
Thursday, January 30, 2025 6:32 AM IST
തിരുവനന്തപുരം: കേസിന്റെ ഭാഗമായി പോലീസ് കോടതിയിൽ ഹാജരാക്കിയ സിസി ടിവി ദൃശ്യങ്ങളിൽ കാണുന്ന ചിത്രം തന്റെ തന്നെയെന്നു സമ്മതിച്ച് അന്പലമുക്ക് വിനീത വധക്കേസിലെ പ്രതിയും കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശിയുമായ രാജേന്ദ്രൻ.
സാക്ഷി വിസ്താരം പൂർത്തിയായ കേസിൽ ഇതുവരെയുള്ള സാക്ഷി മൊഴികളെയും തെളിവുകളെയും അടിസ്ഥാനമാക്കി കോടതി നേരിട്ടു പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യം സമ്മതിച്ചത്. ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസ് പരിഗണിച്ചത്.
തമിഴ്നാട്ടിൽ നിലവിൽ വിചാരണ നടക്കുന്ന രണ്ടു കൊലക്കേസുകളിൽ താൻ പ്രതിയാണെന്നും രാജേന്ദ്രൻ സമ്മതിച്ചു. കന്യാകുമാരി സ്വദേശിയായ താൻ ഹോട്ടൽ ജോലിക്കാണു തിരുവനന്തപുരത്ത് എത്തിയതെന്ന കാര്യവും കോടതിയിൽ സമ്മതിച്ചു. ഉന്നത ബിരുദധാരിയായ പ്രതി ഓണ്‍ലൈൻ സ്റ്റോക്ക് മാർക്കറ്റിംഗിനുളള പണത്തിനാണ് പലപ്പോഴും കൊലപാതകങ്ങൾ ചെയ്തിരുന്നത്.
പേരൂർക്കടയിലെ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവള്ളിക്കോണം സ്വദേശിനിയുമായ വിനീതയെ കൊലപ്പെടുത്തിയ പ്രതി വിനീതയുടെ സ്വർണമാല കവർന്നിരുന്നു. ഇതു പിന്നീട് കാവൽകിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നു പോലീസ് കണ്ടെടുത്തിരുന്നു.
വിനീത കൊല്ലപ്പെടുന്നതിനു മുന്‍പ് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യൻ, ഭാര്യ വാസന്തി, 13കാരി മകൾ അഭിശ്രീ എന്നിവരെയും സമാനരീതിയിൽ കൊലപ്പെടുത്തി സ്വർണവും പണവും പ്രതി കവർന്നിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ ഹാജരായി.