വാർഡ് പ്രസിഡന്റുമാരുടെ സംഗമം നടത്തി കോണ്‍ഗ്രസ് : സ്ഥാനാർഥി നിർണയ ഉത്തരവാദിത്തം വാർഡ് കമ്മിറ്റികൾക്ക്: കെ.സി. വേണുഗോപാൽ എംപി
1509862
Friday, January 31, 2025 6:46 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സജീവമാക്കി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ജില്ലയിലെ കോണ്‍ഗ്രസ് വാർഡ് പ്രസിഡന്റുമാരുടെ സംഗമം നടത്തി.
തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കണ്വൻഷൻ സെന്ററിൽ നടന്ന സംഗമത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
കോണ്‍ഗ്രസിൽ അനൈക്യം ഉണ്ടെന്നു പ്രചരിപ്പിക്കുന്നതു സിപിഎം തന്ത്രമാണെന്നും അതിനായി അവരുടെ പിആർ ഏജൻസികൾ പ്രവർത്തിക്കുന്നതായും കെ.സി. വേണുഗോപാൽ യോഗത്തിൽ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം വോട്ട് ചെയ്യാൻ സാധ്യയുള്ളവരെ സ്ഥാനാർഥികളായി കണ്ടെത്തണം. വീടുകയറി പ്രചരണം നടത്തണം.
സർക്കാരിന്റെ ജനദ്രോഹ നടപടികൾ വീടുവീടാന്തരം പ്രചരിപ്പിക്കണം. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന പാർട്ടിയല്ല കോണ്‍ഗ്രസ്. ജനാധിപത്യ കീഴ് വഴക്കമുള്ള പാർട്ടിയാണ്. ഒറ്റക്കെട്ടായി പ്രവർത്തിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിന്റെ ഉത്തരവാദിത്തം വാർഡ് കമ്മിറ്റികൾക്കാണ്. വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥി വിജയിപ്പിക്കുകയാണ് വാർഡ് പ്രസിഡന്റുമാരുടെ ഉത്തരവാദിത്തം.
അങ്ങനെ ആത്മാർഥമായി പ്രവർത്തിക്കുന്ന വാർഡ് പ്രസിഡന്റുമാർക്ക് പാർട്ടിയിൽ അവസരം നൽകും. മറിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. പാർട്ടിവിട്ടുപോയവരെ മടക്കിക്കൊണ്ടുവരണമെന്നും അഭിപ്രായ വ്യാത്യാസങ്ങൾപറഞ്ഞു തീർക്കണമെന്നും കെ. സി. വേണുഗോപാൽ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കാൻ ഓരോ കോണ്‍ഗ്രസ് പ്രവർത്തകരും തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സിപിഎം - ബിജെപി സഖ്യത്തെയാണ് കോണ്‍ഗ്രസിനു നേരിടേണ്ടത്.കോണ്‍ഗ്രസിനെ തോല്പിക്കാൻ സിപിഎമ്മിനെ സഹായിക്കുന്ന നടപടിയാണ് കേരളത്തിൽ ബിജെപി കൈക്കൊള്ളുന്നതെന്നും സുധാകരൻ പറഞ്ഞു.