രാജ്യത്ത് ഗാന്ധിയൻ ആദർശങ്ങളെ കശാപ്പുചെയ്യുന്നു: കെ.സി. വേണുഗോപാൽ
1509859
Friday, January 31, 2025 6:46 AM IST
തിരുവനന്തപുരം: ഗാന്ധിജിയുടെ അഹിംസയുടെയും മദ്യവർജനത്തിന്റെയും മഹത്തായ ആശങ്ങൾ കശാപ്പുചെയ്യപ്പെടുന്ന കരാളകാലത്തിലാണ് നാം ജീവിക്കുന്നതെന്നും ജനങ്ങളെ ഒന്നിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ചുറ്റും നടക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. മഹാത്മഗാന്ധി കുടുംബസംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പെരുന്താന്നിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പെൻഷൻ ജനങ്ങൾക്ക് എല്ലാ മാസവും അവകാശപ്പെട്ടതാണെങ്കിലും തെരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രമാണ് സർക്കാർ ജനങ്ങൾക്കു ദാനംപോലെ അതു നല്കുന്നത്. അരിയും പലവ്യഞ്ജനവും മണ്ണെണ്ണയും നല്കാൻ സർക്കാരിനു കഴിയുന്നില്ലെങ്കിലും മദ്യം ഇഷ്ടംപോലെ നല്കുന്നു. ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ നടക്കുന്നു.
മയക്കുമരുന്നു മാഫിയ കേരളത്തിൽ പിടിമുറുക്കി. ഒൻപതു വർഷമായി ജനങ്ങളെ വേട്ടയാടുന്ന പിണറായി സർക്കാരിനെ പുറത്താക്കണമെന്നത് ജനങ്ങളുടെ ആവശ്യമായി മാറിയെന്ന് വേണുഗോപാൽ പറഞ്ഞു. ഗാന്ധിജിയുടെ സ്മരണ നിലനിർത്താനും ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുമുള്ള ഒരു വർഷം നീണ്ട പരിപാടിയാണ് കോണ്ഗ്രസ് നടപ്പാക്കുന്നത്. ഭരണഘടനയാണ് ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ജനങ്ങൾക്ക് നല്കുന്നത്. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവുമൊക്കെ നമ്മുടെ അവകാശമാണ്.
കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇത്തരം അവകാശങ്ങളില്ല. ലോകത്തിലെ ഏറ്റവും മഹത്തായ ഭരണഘടന നമ്മുടേതാണെന്നും വേണുഗോപാൽ പറഞ്ഞു. പെരുന്താന്നി വാർഡ് കമ്മിറ്റി പ്രസിഡന്റ് അജിത് നായർ അധ്യക്ഷത വഹിച്ചു.
എഐസിസി സെക്രട്ടറിമാരായ അറിവഴകൻ, പി.സി. വിഷ്ണുനാഥ്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, കെ.പി. ശ്രീകുമാർ, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാർ, ഡിസിസി പ്രസിഡന്റ് പാലോട് രവി, ശരത് ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, തുടങ്ങിയവർ പങ്കെടുത്തു.