ജിടെക് മാരത്തണ്‍ ഫെബ്രുവരി ഒന്‍പതിന്
1509606
Thursday, January 30, 2025 6:44 AM IST
തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുക, വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരായി ജനങ്ങളെ ബോധവത്കരിക്കുക എന്നിവ ലക്ഷ്യമാക്കി ’നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നെസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജിടെക് കേരള മാരത്തണിന്റെ മൂന്നാം പതിപ്പ് ഫെബ്രുവരി ഒന്പതിനു തിരുവനന്തപുരത്ത് നടക്കും.
മാരത്തണിൽ പങ്കെടുക്കാൻ ഇതിനകം രജിസ്റ്റർ ചെയ്ത 7000 പേരിൽ 1500 പേർ വനിതകളാണ്.
ലഹരി ദുരുപയോഗത്തിനെതിരെയുള്ള കേരളത്തിലെ ഏറ്റവും വലിയ മാരത്തണ്‍ ആണിത്.സംസ്ഥാനത്തെ 250 ലധികം വരുന്ന ഐടി കന്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കന്പനീസ് (ജിടെക്) ആണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
ഏകദേശം 1,25,000 ഐടി പ്രഫഷണലുകൾ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ 80 ശതമാനം ഐടി പ്രഫഷണലുകളുടെ സാന്നിധ്യമുള്ള സംഘടനയാണ് ജിടെക്. ടെക്നോപാർക്കിൽ രാവിലെ 5.30ന് ആരംഭിക്കുന്ന മാരത്തണിൽ ഹാഫ് മാരത്തണ്‍ (21.1 കിലോമീറ്റർ), 10 കിലോമീറ്റർ, ഫണ്‍ റണ്‍ (3 കിലോമീറ്റർ, 5 കിലോമീറ്റർ) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണുള്ളത്.
രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് മാരത്തണിൽ പങ്കെടുക്കാൻ സാധിക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർക്കു രണ്ടു ദിവസം കൂടി രജിസ്റ്റർ ചെയ്യാനാകും. രജിസ്ട്രേഷനായി എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മാരത്തണിൽ പങ്കെടുക്കുന്നവർക്ക് നന്പർ പതിച്ച ടിഷർട്ട്, ബാഗ് എന്നിവ നല്‍കും. ഓട്ടം പൂർത്തിയാക്കുന്നവർക്ക് മെഡലും ലഭിക്കും. കൃത്യമായ ഇടവേളകളിൽ വെള്ളം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. പങ്കെടുക്കുന്നവർക്ക് ഓട്ടത്തിനുശേഷം പ്രഭാതഭക്ഷണം നൽകും. ആംബുലൻസ് സൗകര്യവും ലഭ്യമാണ്. മാരത്തണ്‍ ആരംഭിക്കുന്നതിന് മുന്‍പ് സുംബയും മറ്റ് എയ്റോബിക് വ്യായാമങ്ങളും ചെയ്യാനുള്ള അവസരവുമുണ്ട്.
കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാരത്തണായി ജിടെക് മാരത്തണ്‍ മാറിയെന്ന് ജിടെക് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു.