അത്യാധുനിക ഇമേജ് ഗൈഡഡ് തെറാപ്പി കാത്ത് ലാബുമായി കിംസ്ഹെല്‍ത്ത്
1509280
Wednesday, January 29, 2025 6:47 AM IST
തിരുവനന്തപുരം: അതിവേഗത്തിലും കൃത്യതയോടെയും ഹൃദ്രോഗ നിര്‍ണയവും ചികിത്സയും സാധ്യമാക്കുന്ന നൂതന ഇമേജ് ഗൈഡഡ് തെറാപ്പി കാത്ത് ലാബ് സംവിധാനവുമായി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. ഫിലിപ്സ് അസൂറിയോണ് 7സി12 എന്ന അതിനൂതന സംവിധാനം ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി ചികിത്സകളെ സഹായിക്കുന്നു.
കിംസ്ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഈ സംവിധാനം സജ്ജമാക്കുന്ന ആദ്യ സ്വകാര്യ ആശുപത്രിയാണ് കിംസ്ഹെല്‍ത്ത്.
സാങ്കേതിക വിദ്യയിലുണ്ടാകുന്ന വളര്‍ച്ച ആരോഗ്യരംഗത്തും രോഗീപരിചരണത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഹൃദ്രോഗം കാരണത്താലുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുമെന്ന് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സുരേഷ്ഗോപി പറഞ്ഞു.
ഹൃദ്രോഗഭീഷണിയും അതിന്റെ സങ്കീര്‍ണതകളും ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത് അടിയന്തര ഹൃദ്രോഗ ചികിത്സയുടെ ആവശ്യകതയും വര്‍ധിച്ചു വരികയാണെന്ന് കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. അതിനാല്‍ത്തന്നെ രോഗികളെ കൂടുതല്‍ കാര്യക്ഷമമായി ചികിത്സിക്കുന്നതിനും അവരോരുത്തരുടേയും ജീവന് രക്ഷിക്കുന്നതിനും സാങ്കേതികമായി നാം പൂര്‍ണ സജ്ജരാകേണ്ടതുണ്ട്.
ഫിലിപ്സ് അസുറിയോണ്‍ 7സി12 പോലുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ കിംസ്ഹെല്‍ത്തില്‍ സജ്ജമാക്കുന്നത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.