കഠിനംകുളം ആതിര കൊലക്കേസ് പ്രതി റിമാൻഡിൽ : പ്രതിയെ എത്തിച്ചു തെളിവെടുത്തു; സ്റ്റേഷനുസമീപം തടിച്ചുകൂടി നാട്ടുകാർ
1509273
Wednesday, January 29, 2025 6:47 AM IST
കഠിനംകുളം: ആതിര കൊലക്കേസ് പ്രതി ജോൺസനെ കോടതി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഇന്നലെ പുലർച്ചെ കഠിനംകുളം സ്റ്റേഷനിൽ എത്തിച്ച് ജോൺസന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് ആതിരയെ കൊലപ്പെടുത്താൻ കത്തി വാങ്ങിയ കടയിലെത്തിച്ചു തെളിവെടുത്തു. ചിറയിൻകീഴ് സ്റ്റേഷനിൽ എത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി.
ജോൺസൺ കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ ചിറയിൻകീഴ് വലിയകട ശ്രീറാം സ്റ്റോർ, കൃത്യത്തിനു ശേഷം ഇയാൾ രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തിയ ചിറയൻകീഴ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി.
കൊലപാതകം നടന്നതിന്റെ തലേദിവസം ജോൺസൺ കത്തി വാങ്ങിയതായി കടയുടമ തിരിച്ചറിഞ്ഞു. കൊലപാതകത്തിന്റെ അന്ന് ജോൺസൺ ധരിച്ചിരുന്ന ജീൻസ് പാന്റ് റെയിൽവേ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്നും കണ്ടെടുത്തു. അതേസമയം ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്നു പ്രതി മൊഴി നൽകിയതായി ഡിവൈഎസ്പി പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചു വരാൻ തയാറല്ലെന്ന് ആതിര പറഞ്ഞു.
ഇതേ തുടർന്നാണ് ആതിരയെ കൊലപ്പെടുത്തിയതെന്നും ജോൺസൺ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. തുടർന്ന് കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയിലുണ്ട്. ഈ മാസം 21നാണ് ആതിര കൊലചെയ്യപ്പെട്ടത്.
ജോൺസൻ ആതിരയുടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ രക്ഷപ്പെട്ട പ്രതിയെകോട്ടയം ചിങ്ങവനത്തിൽ നിന്നാണ് പിടികൂടിയത്. എന്നാൽ വിഷം കഴിച്ചിട്ടുണ്ടെന്നു ജോൺസൺ അറിയിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയെ കാണാൻ നിരവധി നാട്ടുകാർ സ്റ്റേഷനിൽ രാവിലെ തന്നെ നിലയുറപ്പിച്ചു എന്നാൽ മുഖംമൂടി ധരിച്ചാണ് ജോൺസനെ കൊണ്ടു പോയത്.