റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞുവീണു
1508914
Tuesday, January 28, 2025 6:19 AM IST
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡ് ചടങ്ങിനിടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസണ് ജോസ് കുഴഞ്ഞു വീണു.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 76-ാം റിപ്പബ്ലിക് ദിന പരേഡ് ചടങ്ങിനിടെയാണ് കമ്മീഷണർ കുഴഞ്ഞു വീണത്. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പ്രസംഗിക്കാനായി എത്തിയ സമയത്താണ് സംഭവം. വേദിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണർ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. മുന്നോട്ടേക്കു വീണ അദ്ദേഹത്തെ അടുത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ താങ്ങിയെടുക്കുകയും സമീപത്തുണ്ടായിരുന്ന ആംബുലൻസിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ അൽപ നേരത്തിനു ശേഷം അദ്ദേഹം വേദിയിൽ തിരികെയെത്തുകയും ചെയ്തു. അതിശക്തമായ വെയിൽ ഏറ്റതിനെ തുടർന്നുണ്ടായ തളർച്ചയാണ് കുഴഞ്ഞു വീഴാൻ കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.