അപ്പൊ, ശരി
1493844
Thursday, January 9, 2025 5:59 AM IST
തിരുവനന്തപുരം: കൗമാര കലയുടെ ആവേശ ലഹരി നിറഞ്ഞ വേദികള്‍ ഹൃദയം കീഴടക്കിയ രാപ്പകലുകള്‍. രാഷ്ട്രീയ അതിപ്രസരങ്ങളില്ലാതെ കൗമാര കലയുടെ കൈ പിടിച്ച തലസ്ഥാനം. വിവാദങ്ങളും പരാതികളും പരിഭവങ്ങളുമില്ലാതെ കലയുടെ പൂരാവേശങ്ങളില് നിന്നു കൊട്ടിക്കലാശത്തതോടെ പടിയിറങ്ങി.
കലാകിരീടം നേടിയ തൃശൂരും കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാടും പരസ്പരം കൈകൊടുത്ത് മടങ്ങുകയാണ്, അടുത്ത കലോത്സവത്തില്‍ കാണാമെന്ന ഉറപ്പില്‍. ഉദ്ഘാടന സമ്മേളനത്തില്‍ കണ്ട ആവേശവും ആഘോഷ ലഹരിയും സമാപന സമ്മേളനത്തിലും നിറഞ്ഞു. ടൊവിനോയുടെയും ആസിഫലിയുടെയും സാന്നിധ്യം തലസ്ഥാനത്തിന്റെ കൂടിച്ചേരലിന് ആഘോഷപ്പൊലിമ നല്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി രണ്ട് വേദികള്‍ കൂടി കൂട്ടിയിട്ടും വിവാദങ്ങള്‍ക്കിടം കിട്ടിയില്ല.
നിറഞ്ഞു നിന്നത് കുട്ടികളുടെ പ്രകടനങ്ങള്‍ മാത്രം. സാധാരണ എല്ലാ കലോത്സവങ്ങളിലും വിവാദം കൊഴുപ്പിക്കുന്ന വിധി നിര്‍ണയത്തെ ക്കുറിച്ചുള്ള ആക്ഷേപം ഇക്കുറി പേരിനു പോലും ഉണ്ടായില്ല. ഭക്ഷണത്തിന് വേണ്ടി ആര്‍ക്കും പൊരിവെയിലത്ത് ക്യൂ നിൽക്കേണ്ടി വന്നില്ല. വേദികളുണരാന്‍ വൈകിയില്ല, അതുകൊണ്ടു തന്നെ രാത്രി വൈകി മത്സരാര്ഥികളാരും ഉറങ്ങി വീഴുകയോ വേദിയില്‍ കുഴഞ്ഞു വീഴുകയോ ചെയ്തില്ല.
പ്രധാന വേദിയായി സെന്‍ട്രല്‍ സ്റ്റേഡിയം തിരഞ്ഞെടുത്തപ്പോള്‍ തന്നെ ആശങ്കകളേറെയുണ്ടായിരുന്നു. പക്ഷെ പോലീസിന്റെ ഗതാഗത നിയന്ത്രണ സംവിധാനം വേദികളുടെ പ്രവര്‍ത്തനം സുഗമമാക്കി. വേദികളില്‍ കാണികള്‍ നിറഞ്ഞൊഴുകി. സംഘനൃത്തവും നാടക മത്സരങ്ങളും നടന്ന വേദികളില്‍ കാണികള്‍ ഇരിപ്പിടം വിട്ടെണീറ്റില്ല.
കലയുടെ നല്ല നാളുകള്‍ മലയാളക്കരയ്ക്ക് സമ്മാനിച്ച അനന്തപുരി, പല ദേശങ്ങളില്‍ നിന്നെത്തിയ കലാപ്രതിഭകളോടും കലാപ്രേമികളോടും വിടപറയുകയാണ്. തലസ്ഥാനം നല്കിയ സ്നേഹവായ്പ്പിന്, സ്വീകരണത്തിന്, എല്ലാം മറന്ന് കലയെ ആഘോഷപൂര്‍വം കെട്ടിപ്പുണര്‍ന്ന രാപകലുകള്‍ സമ്മാനിച്ചതിന് അവര്‍ക്കും പറയാന്‍ ഒന്നു മാത്രം, മറക്കില്ല ഒരിക്കലും
ഈ തിരുവനന്തപുരം വൈബ്.