നിരോധിത ഗുളികകളുമായി അഞ്ചംഗ കവർച്ചാസംഘം അറസ്റ്റിൽ
1493029
Monday, January 6, 2025 6:34 AM IST
നെടുമങ്ങാട്: നിരോധിത ഗുളികകളുമായി അഞ്ചംഗ കവർച്ച സംഘം പിടിയിലായി. പേട്ട സ്വദേശി അഖിൽ (32), പാലോട് തെന്നൂർ സ്വദേശി സൂരജ് (28), വട്ടപ്പാറ സ്വദേശി മിഥുൻ (28), കോട്ടയം സ്വദേശി വിമൽ (25), കഴകൂട്ടം മേനംകുളം സ്വദേശി അനന്തൻ (24) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നലെ പനവൂർ പാണയത്ത് നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. മൂന്ന് ബൈക്കിലായെത്തിയ ഇവരിൽ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ഇന്നലെ മുഖ്യ പ്രതിയായ ഉണ്ണിയുടെ പരിചയക്കാരനായ പൂവത്തൂർ സ്വദേശി സുജിത്തിനെ നെടുമങ്ങാട്ടെ ബാറിൽ മദ്യപിക്കാനായി വിളിച്ച് വരുത്തിയ ശേഷം ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം ബൈക്കുകളിലായി വന്ന് ആയുധം കാട്ടി ഭീഷണി പെടുത്തി പണം കവർച്ച ചെയ്യുകയായിരുന്നു.
തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. അനന്തനും, വിമലും അന്തർസംസ്ഥാന വാഹന മോഷ്ടാക്കാളാണ്. വഞ്ചിയൂർ, കടയ്ക്കൽ , പത്തനംതിട്ട , ചാലക്കുടി, ആറ്റിങ്ങൾ , കിളിമാനൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസിലെ പ്രതികളാണ്.
പിടിച്ച് പറി, വാഹന മോഷണം എന്നിവയാണ് ഇവരുടെ പ്രധാന കേസുകൾ. ലഹരികച്ചവടം, കവർച്ച, ഭീഷണിപ്പെടുത്തൽ, ആയുധം കൈവശം വയ്ക്കൽ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് പാലോട് പോലീസ് സ്റ്റേഷനുകളുടെ സംയുക്തമായ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.