പൊരുതി നേടിയ വിജയവുമായി അഞ്ജന
1493023
Monday, January 6, 2025 6:34 AM IST
തിരുവനന്തപുരം: റബര്‍ ടാപ്പിംഗ് തൊഴിലാളിയായ മധുസൂദനന് നായരും ഭാര്യ ശ്രീരഞ്ജിനിയും തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ കണ്ട കിനാവ് സത്യമായി; മകള്‍ അഞ്ജന സംസ്ഥാന കലോത്സവത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി.
ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ മത്സരഫലം വന്നപ്പോള്‍ അവരിരുവരുടെയും കണ്ണുകളില്‍ സന്തോഷം നിറഞ്ഞു. സബ്ജില്ലാ തലം മുതല്‍ സാമ്പത്തികമായ കഷ്ടപ്പാടുകളെയും ശാരീരിക ബുദ്ധിമുട്ടുകളെയും പൊരുതി തോല്‍പ്പിച്ചാണ് അഞ്ജന സ്വപ്നസാഫല്യമണിഞ്ഞത്. സബ്ജില്ല മുതല്‍ സംസ്ഥാനതലം വരെ മത്സരിക്കാന്‍ അപ്പീല്‍ നല്‍കേണ്ടി വന്നു.
ഒടുവില്‍ സംസ്ഥാനത്ത് എ ഗ്രേഡിന്റെ വിജയത്തിളക്കം. ഇതിനു പുറമെയായിരുന്നു ശാരീരക വൈഷമ്യങ്ങള്‍. അധികമായി നൃത്തം ചെയ്യുമ്പോള്‍ നട്ടെല്ലിനുണ്ടാകുന്ന സമ്മര്‍ദം വേദനയായി.
അതിനെ മറികടക്കാന്‍ പെയിന്‍ റിലീഫ് സ്രേപ ഉള്‍പ്പെടെയുള്ളവയുടെ സഹായം തേടി. ഒടുവില്‍ മികവാര്‍ന്ന പ്രകടനത്തിലൂടെ സംസ്ഥാന കലോത്സവത്തില്‍ തന്റെ മാതാപിതാക്കളുടെ സ്വപ്നം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് അഞ്ജന മടങ്ങിയത്.
തിരുവനന്തപുരം മലയിന്‍കീഴ് ജിജിഎച്ച്എസ്എസി ലെ പ്ലസ്വണ് ബയോസയന്‍സ് വിദ്യാര്‍ഥിയാണ് എം.എസ് അഞ്ജന. 13 വര്‍ഷമായി നൃത്തം അഭ്യസി ക്കുന്നു. നൃത്താധ്യാപകരായ അഞ്ജു, ആതിര എന്നിവരാണ് അഞ്ജനയ്ക്ക് പരിശീലനം നല്‍കിയത്.