അനധികൃത താത്കാലിക നിയമനം തടയണമെന്ന് സിപിഎമ്മും കോൺഗ്രസും
1466638
Tuesday, November 5, 2024 2:31 AM IST
കാട്ടാക്കട: നെയ്യാർഡാം വിനോദസഞ്ചാര കേന്ദ്രത്തിൽ പൂന്തോട്ട സംരക്ഷണത്തിനും ശുചീകരണത്തിനുമായി താത്കാലിക തൊഴിലാളികളെ നിയമിക്കുന്നതിൽ ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് സിപിഎമ്മും കോൺഗ്രസും സമരത്തിലേക്ക്.
പഞ്ചായത്ത് ഭരിക്കുന്ന ബിജെപിയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പ് കരാറുകാരുമായി ചേർന്ന് ഒൻപത് പേരെ പിൻവാതിലിലൂടെ അനധികൃതമായി നിയമിക്കാനുള്ള പട്ടിക തയാറാക്കിയതായാണ് സിപിഎം ആരോപിക്കുന്നത്. ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ ഇടപെട്ട് ഇവിടെ പ്രദേശവാസികളെ ഉൾപ്പെടുത്തി താത്കാലിക നിയമനം നടത്തണമെന്നു തീരുമാനിച്ചിരുന്നു.
എന്നാൽ ആഘോഷം ഒഴിവാക്കിയതോടെ ഇത് മുടങ്ങി. ഈ തീരുമാനം മറയാക്കിയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നിയമന നടപടികൾ നടത്തുന്നത്. ഇത് നിയമ വിരുദ്ധമാണെന്നും ഇപ്പോഴുണ്ടാക്കിയ പട്ടികയിൽ പ്രദേശവാസികളെ പരിഗണിച്ചിട്ടില്ലെന്നും നടപടികൾ നിർത്തണമെ ന്നും സിപിഎം ആവശ്യപ്പെട്ടു. നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേരത്തെ തന്നെ സമരം നടത്തിയിരുന്നു. ഇപ്പോൾ ഇതേ കാര്യത്തിനു രണ്ടാംഘട്ട നിരാഹാര സമരവും ആരംഭിച്ചു.
സിഎൽആർ സർട്ടിഫിക്കറ്റ് ഉള്ളപഴയ തൊഴിലാളികൾക്കും, പ്രദേ ശവാസികൾക്കും നിയമനം നൽകണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലത ആവ ശ്യപ്പെടുന്നു.