യുവതിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തു; പ്രതി പിടിയിൽ
1461143
Tuesday, October 15, 2024 1:20 AM IST
പേരൂര്‍ക്കട: സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് 105 പവന് സ്വര്‍ണാഭരണങ്ങളും എട്ട് ലക്ഷം രൂപയും കൈക്കലാക്കി മുങ്ങിയ പ്രതിയെ പൂജപ്പുര പോലീസ് പിന്തുടര്ന്ന് പിടികൂടി.
കോട്ടയം കുമാരനെല്ലൂരിലെ ഒരു ഫ്ളാറ്റില്‍ വാടകയ്ക്കു താമസിച്ചുവന്ന തിരുവനന്തപുരം പുല്ലുവിള സ്വദേശി ആന്‍ഡ്രൂസ് സ്പെന്‍സര്‍ (40) ആണ് പിടിയിലായത്.
തിരുമല സ്വദേശിനിയായ 35-കാരിയുമായി അടുപ്പം പുലര്‍ത്തിയശേഷം വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചായിരുന്നു പ്രതി സ്വർണവും പണവും കൈക്കലാക്കിയതെന്ന് പരാതിയിൽ പറയുന്നു. പ്രതിക്ക് ഭാര്യയും ഒരു കുഞ്ഞുമുണ്ട്. തിരുവനന്തപുരം സ്വദേശികളായ മൂന്നുയുവതികള്കൂടി സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു പ്രതി ആശയവിനിമയം നടത്തിയിരുന്നത്.
മുമ്പ് കേരള സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന സമയത്ത് ആറുലക്ഷം തട്ടിയെന്ന കേസിലും ആന്‍ഡ്രൂസ് പ്രതിയാണ്. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ പ്രതി വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പിന്തുടരുകയായിരുന്നു.
സിഐ പി.ഷാജിമോന്‍, എസ്ഐമാരായ അഭിജിത്ത്, സുധീഷ്, സന്തോഷ്കുമാര്‍, സിപിഒമാരായ ഉണ്ണികൃഷ്ണന്, അനുരാഗ്, ഉദയന്‍, വിനോദ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.