കളരിനാടകം "ശക്തിരൂപേണ സംസ്ഥിതാ' അവതരണം നടന്നു
1460799
Saturday, October 12, 2024 6:12 AM IST
നേമം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഗസ്ത്യം കളരി ചിട്ടപ്പെടുത്തിയ കളരി പ്രദർശനം "ശക്തിരൂപേണ സംസ്ഥിത'യുടെ ആദ്യാവതരണം ഇന്നലെ നേമം അഗസ്ത്യം കളരിത്തറയിൽ നടന്നു.
സ്ത്രീകളെ ശാരീരികവും മാനസികവുമായി ശക്തരാക്കാൻ അഗസ്ത്യം കളരി ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന ശക്തിയെന്ന പഠന പദ്ധതിയുടെ ആശയത്തെ നവരാത്രിയുടെ സത്തയുമായി സംയോജിപ്പിച്ചാണ് കളരിയുടെ പ്രദർശനം. ഗുരുക്കൾ ഡോ.എസ് മഹേഷാണ് സംവിധായകൻ. മലയാളികളായ പഠിതാക്കൾക്കു പുറമേ വിദേശത്തുള്ളവരും കളരിയിൽ പങ്കെടുത്തു.
പുരാതനവും തെക്കൻ സമ്പ്രദായത്തിലധിഷ്ഠിതവുമായി പ്രവർത്തിക്കുന്ന കളരിയാണ് നേമത്തെ അഗസ്ത്യം. 2021ലാണ് അഗസ്ത്യത്തിൽ ശക്തി പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും സ്കൂൾ കോളജ് തലങ്ങളിലുള്ള പെൺകുട്ടികൾ, വിവിധ തൊഴിൽ മേഖലകളിലെ സ്ത്രീകൾ എന്നിവർക്കായി ഒട്ടേറെ 'ശക്തി'പരിശീലനക്കളരികൾ അഗസ്ത്യം സംഘടിപ്പിച്ചിട്ടുണ്ട്.