അഭയയുടെ അമ്മയായി ആശാ ശരത്ത് അരങ്ങിൽ
1460520
Friday, October 11, 2024 6:20 AM IST
തിരുവനന്തപുരം: മകളേ.. കൊൽക്കത്തയിലെ ആശുപത്രിയിൽവച്ച് ഒരു കൊടും നരാധമൻ ക്രൂരമായി കൊന്ന യുവ ഡോക്ടറുടെ അമ്മയുടെ നെഞ്ചുപൊട്ടുന്ന നിലവിളിയാണത്. നാവു നഷ്ടമായ സമൂഹത്തിനുമുന്നിൽനിന്ന്, ചങ്ങലയ്ക്കിട്ട നീതിസാരങ്ങൾക്കു മുന്നിൽനിന്ന് ആ അമ്മ ഉറക്കെയുറക്കെ അലറിക്കരയുന്നത് ഇന്നലെ തലസ്ഥാനം കേട്ടു. പ്രശസ്ത ചലച്ചിത്രനടിയും നർത്തകിയുമായ ആശാ ശരത്തിലൂടെ, ആശാ ശരത്തിന്റെ ഭരതനാട്യത്തിലൂടെ...
111 ദിവസം നീണ്ടുനിൽക്കുന്ന സൂര്യ മേളയുടെ ഭാഗമായ സൂര്യ നൃത്ത സംഗീതോത്സവത്തിന്റെ സമാപന സന്ധ്യയിലാണ് ആശാ ശരത്ത് "മകളെ' എന്ന നൃത്തയിനം അവതരിപ്പിച്ചത്. രക്തം മണക്കുന്ന ഓഗസ്റ്റിന്റെ രാവും ചിതപോലെ എരിയുന്ന അഭയയുടെ അമ്മയുടെ മനസും ആശാ ശരത്ത് സ്വന്തമാക്കുന്പോൾ എകെജി ഹാളിലെ വൻ സദസ് വീർപ്പടക്കി കണ്ടിരുന്നു.
കുഞ്ഞുമകളെ താലോലിക്കുന്ന അമ്മയെയാണ് സദസ് ആദ്യം കണ്ടത്. മകൾ വളർന്ന് വലുതായി ആതുരശുശ്രൂഷ നടത്തുന്പോൾ അവൾ അമ്മയുടെ ശ്വാസവേഗമായി. പിന്നീടൊരു ഇരുണ്ടരാത്രിയിൽ മനഃസാക്ഷി മരവിച്ച ഒരു കൊലയാളി അവളെ പിച്ചിക്കീറുന്പോൾ "മകളേ... മകളേ...' എന്ന നിലവിളിയുമായി അമ്മ നിലത്തുകിടന്ന് ഉരുളുകയായിരുന്നു. നൃത്തം അവസാനിച്ചപ്പോൾ ഇരുളും പുകയും നിറഞ്ഞ നൃത്തവേദിയിൽ ഇരുന്ന് അമ്മയായി മാറിയ ആശാ ശരത്ത് പൊട്ടിക്കരഞ്ഞു.
"ആനന്ദ നർത്തന ഗണപതിം...' എന്ന പ്രാർഥനയോടെ ഇന്നലെ അരങ്ങിലെത്തിയ ആശാ ശരത്ത് ആനന്ദഭൈരവി രാഗത്തിലെ വർണം അവതരിപ്പിച്ചു.
മകളേ.. എന്ന നൃത്തയിനത്തിനുശേഷം അവതരിപ്പിച്ച മംഗളം എല്ലാ അച്ഛനമ്മമാർക്കും വേണ്ടി സമർപ്പിച്ചതായിരുന്നു. ആശാ ശരത്തിന്റെ അമ്മയും ഗുരുവുമായ കലാമണ്ഡലം സുമതിയായിരുന്നു നട്ടുവാങ്കത്തിൽ. ഡോ. ശ്രീവത്സൻ ജെ. മേനോന്റേതായിരുന്നു മകളേ... യുടെ സംഗീതം.
അഭയമാരും നിർഭയമാരും ഉണ്ടാവരുത്: ആശാശരത്ത്
തിരുവനന്തപുരം: ""ഇതെന്റെ മനസാണ്. ഒരു നർത്തകിയായല്ല നിങ്ങളുടെ മുന്നിൽ നൃത്തമാടിയത്. രണ്ടു പെൺമക്കളുടെ അമ്മയായാണ്.'' ഇന്നലെ മകളേ.. എന്ന നൃത്തം അവതരിപ്പിച്ചശേഷം കണ്ണീരോടെ ആശാ ശരത്ത് പറഞ്ഞു. അഭയയെ അല്ല, അഭയയുടെ അമ്മയെയാണ് ഞാൻ നിങ്ങൾക്കുമുന്നിലെത്തിച്ചത്. ഇതുപോലുള്ള നിരവധി അമ്മമാരുണ്ടിവിടെ. കൊലയാളികൾ പിച്ചിചീന്തിയ പൊന്നുമക്കളെ ഓർത്തോർത്ത് ഒരു ജന്മായുസ്സുമുഴുവൻ വിങ്ങിപ്പിടയുന്നവർ.
ആരെങ്കിലും അവരെക്കുറിച്ച് ആലോചിക്കാറുണ്ടോ..? കൊൽക്കത്തയിലെ അഭയ എന്ന യുവഡോക്ടർ ഹൃദ്രോഗിയായ ഒരാളെ ജീവിതത്തിലേക്കു കൊണ്ടുവന്നശേഷമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പെൺകുട്ടികളെ അടക്കിയൊതുക്കി വളർത്തുന്നവർ എന്തുകൊണ്ട് ആൺകുട്ടികൾക്ക് നല്ലപാഠങ്ങൾ പറഞ്ഞുകൊടുക്കുന്നില്ല..?
പെൺകുട്ടികളെയും സ്ത്രീകളെയും എങ്ങനെ കാണണമെന്ന് അവർക്ക് പറഞ്ഞു കൊടുക്കാത്തതെന്തുകൊണ്ടാണ്.. ആശാ ശരത്ത് ചോദിച്ചു. ഇനിയും ഇതുപോലെ അഭയമാരും നിർഭയമാരും ഉണ്ടാവരുതെന്ന് ഓരോ അച്ഛനും അമ്മയും പ്രതിജ്ഞയെടുക്കണം എന്നു പറഞ്ഞുകൊണ്ടാണ് ആശാ ശരത്ത് വാക്കുകൾ അവസാനിപ്പിച്ചത്.