തകർന്നു തരിപ്പണമായി തിരുമല-കുന്നപ്പുഴ റോഡ്
1460204
Thursday, October 10, 2024 7:06 AM IST
പേരൂർക്കട: തിരുവനന്തപുരം നഗരസഭാ വാർഡായ തിരുമലയിലെ തിരുമല-കുന്നപ്പുഴ റോഡ് പൂർണമായി തകർന്ന നിലയിൽ. ആറുമാസത്തിനു മുമ്പാണു റോഡിന്റെ തകർച്ച തുടങ്ങിയത്.
തിരുമലയിൽ നിന്നു ഹൈവേയിലേക്കു പോകുന്നതിനു നിരവധി പേർ ഉപയോഗിക്കുന്നതാണ് ഈ റോഡ്. നഗരസഭാ പരിധിയിലുള്ള റോഡിൽ മിക്ക ഭാഗത്തും ടാർ ഇളകി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പേർ തെന്നിവീണിട്ടുണ്ട്. ടാർ ഇളകി രൂപപ്പെടുന്ന കുഴികളിൽ വാഹനങ്ങളിൽ നിന്നുള്ള ഓയിൽ വീഴുന്നതും വെള്ളം പരന്നൊഴുകി എണ്ണമയം കലരുന്നതുമാണ് പ്രശ്നത്തിനു കാരണം. ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തതയാണ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് തടസം നിൽക്കുന്നത്.
രണ്ടു കിലോമീറ്ററിനടുത്തു വരുന്ന റോഡിൽ ഏതാണ്ട് ഒരു കിലോമീറ്ററെങ്കിലും ടാർ ചെയ്താൽ മാത്രമേ പരിഹാരം ഉണ്ടാകുകയുള്ളൂ. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട് അടുത്ത മഴക്കാലത്തിനു മുമ്പ് അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.