സൂര്യയിൽ ആനന്ദ നടനമാടി ലക്ഷ്മി ഗോപാലസ്വാമി
1460198
Thursday, October 10, 2024 7:06 AM IST
തിരുവനന്തപുരം: ഭക്തിയും പ്രണയവും ഒന്നിനു പിറകെ ഒന്നായി തിരമാലകളെ പോലെ ഹൃദയത്തിൽ അലയടിക്കുന്പോൾ നായികയുടെ മുഖത്ത് വിടരുന്ന ഭാവങ്ങൾ അവർണനീയമാണ്.
ബൃഹദീശ്വരനായ പരമശിവനോടുള്ള ഭക്തിയും പ്രണയവും നിറഞ്ഞുതുളുന്പുന്ന നായികയായി സൂര്യയുടെ സന്ധ്യയിൽ ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി എത്തിയപ്പോൾ ഒരായിരം പൗർണമികൾ ഒന്നിച്ചു വിടർന്ന അനുഭൂതി. 111 ദിവസം നീളുന്ന 47-ാമത് സൂര്യ മേളയുടെ ഭാഗമായ സൂര്യ നൃത്തസംഗീതോത്സവത്തിന്റെ ഒന്പതാം സന്ധ്യയിലാണ് വെള്ളിത്തിരയിലെ സൗമ്യമായ നായിക ലക്ഷ്മി ഗോപാലസ്വാമി ഭരതനാട്യം അവതരിപ്പിച്ചത്.
തൈക്കാട് ഗണേശത്തിലായിരുന്നു ഭരതനാട്യം അരങ്ങേറിയത്. പ്രണയത്തിൽ കുതിരുന്ന ഭക്തിയിൽ പരവശയായ നായികയെയാണ് "സ്വാമി നിന്നെ...' എന്ന വർണത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ചത്. പരമശിവന്റെ കൈയ്യിലെ ഡമരു പോലെ തുടിക്കുന്ന ഹൃദയവുമായി ഉഴറുന്ന നായികയെ പദചലനങ്ങളിലൂടെയും ഭാവസൗന്ദര്യത്തിലൂടെയും നർത്തകി സാക്ഷാത്കരിച്ചു.
പൊന്നയ്യാപിള്ള രചിച്ച അഷ്ടരാഗമാലികയിലെ വർണത്തിനൊടുവിൽ ബൃഹദീശ്വരനെ മുന്നിൽക്കണ്ട ആനന്ദാതിരേകം ലക്ഷ്മി ഗോപാലസ്വാമി ആസ്വാദകർക്കു പകർന്നു നല്കി. നവരാത്രി നാളുകളായതിനാൽ ദേവീസ്തുതിയോടെയാണ് താൻ നൃത്തം തുടങ്ങുന്നതെന്ന വാക്കുകളോടെയാണു ലക്ഷ്മി ഗോപാലസ്വാമി ഭരതനാട്യം ആരംഭിച്ചത്.
ലക്ഷ്മി ദേവി, സരസ്വതി ദേവി, പാർവതിദേവി എന്നീ ദേവിമാരെ സ്തുതിക്കുന്ന നൃത്തയിനത്തോടെയായിരുന്നു തുടക്കം. അഭേദാശ്രമം മഹാമന്ത്രാലയം ബൃഹത് സംഗീത കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ ഇന്നലെ ഡോ. സി. ധനലക്ഷ്മി അവതരിപ്പിച്ച കർണാടക സംഗീത കച്ചേരി.
സ്വന്തം ലേഖിക