കൊച്ചുമകളെ പീഡിപ്പിച്ച അപ്പൂപ്പന് 102 വർഷം കഠിനതടവ്
1459995
Wednesday, October 9, 2024 8:05 AM IST
തിരുവനന്തപുരം: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അപ്പൂപ്പനു 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ രണ്ട് വർഷവും മൂന്നുമാസവും കൂടുതൽ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.
2020 നവംബർ മാസം മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കുട്ടിയുടെ അമ്മയുടെ അച്ഛന്റെ സഹോദരനാണ്. കളിക്കാനായി അപ്പൂപ്പന്റെ വീട്ടിൽ പോയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. വേദനകൊണ്ട് കുട്ടി കരഞ്ഞപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. പുറത്തു പറഞ്ഞാൽ ഉപദ്രവിക്കുമെന്നു പ്രതി താക്കീതു ചെയ്തു. പ്രതി മോശപ്പെട്ട ആളാണെന്നു കുട്ടി കൂട്ടുകാരോടു പറയുന്നതുകേട്ട അമ്മൂമ്മ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തെ കുറിച്ച് അറിഞ്ഞത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുറയ്ക്ക് അപ്പൂപ്പനായ പ്രതി നടത്തിയതു ക്രൂരമായ പ്രവർത്തിയായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്നു കോടതി വിധി ന്യായത്തിൽ പറയുന്നു. സമൂഹത്തെ ഞെട്ടിക്കുന്ന സംഭവമായതിനാൽ കൂടിയ ശിക്ഷ തന്നെ അനുഭവിക്കണമെന്നും ജഡ്ജി പറഞ്ഞു. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും മൂന്നു തൊണ്ടിമുതലുകളും ഹാജരാക്കി. കഠിനംകുളം സബ് ഇൻസ്പെക്ടർ കെ. എസ്. ദീപു, ഇൻസ്പെക്ടർ ബിൻസ് ജോസഫ് എന്നിവരാണ് അന്വേഷണം നടത്തിയത്.