ഗതാഗതം തടസപ്പെടുത്തി മത്സ്യലേലം നടത്തുന്നതായി പരാതി
1459308
Sunday, October 6, 2024 5:54 AM IST
വെള്ളറട: പനച്ചമൂട് മാര്‍ക്കറ്റ് നവീകരിച്ചിട്ടും ഗതാഗതം തടസപ്പെടുത്തിയാണ് മത്സ്യലേലം നടത്തുന്നതെന്ന് പരാതി. നെയ്യാറ്റിന്‍കര, വെള്ളറട റൂട്ടില്‍ പുലര്‍ച്ചെ മൂന്ന്മുതല്‍ അഞ്ചുവരെയാണ് ഗതാഗതം തടസപ്പെടുത്തി മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങള്‍ കച്ചവടവും ലേലവും നടത്തുന്നതായി യാത്രക്കാരടക്കം പരാതി പറയുന്നത്.
ഇതോടെ പ്രദേശത്ത് ഈ സമയങ്ങളിൾ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു. ഇതിനു പുറമെയാണ് മത്സ്യ വാഹനങ്ങളിലെ മുഴുവന്‍ മലിനജലവും റോഡിലേക്ക് ഒഴുക്കിവിട്ട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും.
മാര്‍ക്കറ്റ് നവീകരിച്ചിട്ടും പ്രദേശത്ത് ദുര്‍ഗന്ധത്തിന് പരിഹാരമില്ലെന്നാണ് ആക്ഷേപം. വെള്ളറട പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പനച്ചമൂട് മാര്‍ക്കറ്റ് നവീകരിച്ചത്.
എന്നാല്‍ മാര്‍ക്കറ്റില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങളടക്കം റോഡിനോട് ചേർന്ന് പാര്‍ക്ക് ചെയ്യുകയും മലിനജലം റോഡിലേക്ക് ഒഴുകുകയും ചെയ്യുന്നതിനാല്‍ കച്ചവടക്കാരും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ ഒഴുക്കുന്ന മലിനജലം കാല്‍നട യാത്രക്കാരുടെ പുറത്ത് തെറിക്കുന്നതായും പരാതി ഉണ്ട്. വിഷയത്തിൽ അധികൃതർ എത്രയും വേഗം ഇടപെട്ട് യാത്രക്കാർക്കും കച്ചവടക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ ആവശ്യം ശക്തമായിട്ടുണ്ട്.