കിണറ്റിൽവീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി
1459076
Saturday, October 5, 2024 6:28 AM IST
വിതുര: കിണറ്റിൽവീണ കാട്ടുപോത്തിനെ വനപാലകർ രക്ഷപ്പെടുത്തി. വിതുര മാങ്കാലയിൽ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ വീണ കാട്ടുപോത്തിനെയാണ് വനപാലകർ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ റബർ ടാപ്പിംഗിനെത്തിയവരാണ് 15അടി ആഴമുള്ള കിണറിൽ ഒരുമൃഗം അകപ്പെട്ട നിലയിൽ കണ്ടത്. തുടർന്ന് പരുത്തിപ്പള്ളി റേഞ്ച് ഓഫീസറെ വിവരം അറിയിച്ചു.
തുടർന്ന് റേഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തി കാട്ടുപോത്താണെന്ന് സ്ഥിരീകരിച്ചു.
കാട്ടുപോത്തിനെ സാരമായി പരിക്കുപറ്റിയെന്ന് മനസിലാക്കിയതിനെ തുടർന്ന് ശക്തമായ മഴയെ അവഗണിച്ച് ജെസിബി ഉപയോഗിച്ച് മണിക്കൂറുകളുടെ ശ്രമഫലത്തിനു ശേഷം കിണറിന് സമാനമായി പുറത്തേക്ക് വരാനായി വഴി ഉണ്ടാക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ കാട്ടുപോത്തിന്റെ കാലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിരുന്നു. കൂടാതെ അവശയായ നിലയിലായിരുന്നു.
കാട്ടുപോത്തിന് സ്വന്തമായി പുറത്തു കടക്കാൻ കഴിയാത്തതിനെ തുടർന്ന് കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ സംഘമെത്തി മയക്കുവെടി വക്കുകകയായിരുന്നു. തുടർന്ന് വലിയ മൃഗങ്ങളെ ഉയർത്താൻ ഉപയോഗിക്കുന്ന ബെൽറ്റ് ഉപയോഗിച്ച് ജെസിബിയുടെ സഹായത്താൽ കാട്ടുപോത്തിനെ ഉയർത്തുകയായിരുന്നു.
വൈകുന്നേരം ആറോടെ കരയ്ക്കെത്തിച്ച കാട്ടുപോത്തിനെ വനപാലകർ പേപ്പാറ വനമേഖലയിലെ സുരക്ഷിതസ്ഥാനത്തേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. പരിക്കുകൾ മാറിയശേഷം കാട്ടിലേക്ക് തുറന്നുവിടുമെന്ന് അധിക്തർ അറിയിച്ചു. ഡിഎഫ്ഒ അനിൽ ആന്റണി, റെയിഞ്ച് ഓഫീസർ ശ്രീജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ ദൗത്യം.