നാലംഗസംഘം ഒരുലക്ഷം തട്ടിയെടുത്തെന്നു പരാതി
1458851
Friday, October 4, 2024 5:27 AM IST
പണം തട്ടിയത് ബാങ്കിൽ നിന്ന് മടങ്ങിയവരിൽനിന്ന്
നെടുമങ്ങാട്: ബാങ്കിൽനിന്നു പണമെടുത്തു പുറത്തിറങ്ങിയവരെ പിന്തുടർന്ന് നാലംഗ സംഘം ഒരു ലക്ഷം രൂപ കവർന്നതായി പരാതി.
ബാങ്കിൽനിന്നു പണമെടുത്ത് പുറത്തിറങ്ങുന്നവരെ ഉന്നമിട്ട് ആസൂത്രിത കവർച്ചയാണ് കഴിഞ്ഞ 26ന് നെടുമങ്ങാട്ട് നടന്നത്. കവർച്ചയ്ക്കു പിന്നിൽ നാലംഗ സംഘമെന്നാണ് റിപ്പോർട്ട്. നെടുമങ്ങാട് കാനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയിൽനിന്നും ഒരു ലക്ഷം രൂപ പിൻവലിച്ചു പുറത്തിറങ്ങിയ ആളെ കിലോമീറ്ററുകൾ ബൈക്കിൽ പിന്തുടർന്നാണ് സംഘം കവർച്ച നടത്തിയത്.
ബാങ്കിനകത്തും പുറത്തുമായി നിലയുറപ്പിക്കുന്ന സംഘം വലിയ തുക പിൻവലിക്കുന്നവരെ പിന്തുടർന്നു പണം തട്ടിയെടുക്കുകയാണ് രീതി. സിനിമാ സ്റ്റൈൽ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. നെടുമങ്ങാട് സ്വദേശി സിയാദ് ബന്ധുവിനു നൽകാൻ വേണ്ടി കാനറാ ബാങ്കിൽനിന്നും ഒരു ലക്ഷം രൂപ പിൻവലിച്ചു സ്കൂട്ടറിൽ പഴകുറ്റിയിൽ കാത്തുനിന്ന ബന്ധു ഹുസൈന്റെ അടുത്തെത്തി. ഇവിടെവച്ചു പണം ഹുസൈനു കൈമാറി.
പണവുമായി കാറിൽ വെമ്പായം ഭാഗത്തേക്കുപോയ ഹുസൈൻ താന്നിമൂട് ജംഗ്ഷനിൽ വെള്ളം കുടിക്കാൻ കാർ നിർത്തി കടയിൽ കയറി.
നാരങ്ങ വെള്ളം കുടിച്ചു തിരികെ വന്നു കാറിൽ കയറിയപ്പോൾ പണം സൂക്ഷിച്ചിരുന്ന കാറിന്റെ ഡാഷ് ബോർഡ് തുറന്നു കിടക്കുകയും പണം നഷ്ടപ്പെട്ടതും അറിഞ്ഞു. ബൈക്കിൽവന്ന രണ്ടുപേരിൽ ഒരാൾ കാറിൽ കയറിയ ശേഷം ഇറങ്ങിപ്പോയതു കണ്ടതായി ജംഗ്ഷനിൽ ഉണ്ടായിരുന്ന ഒരാൾ പറ ഞ്ഞു.
രാവിലെ പത്തുമണിക്ക് ബാങ്കിൽ ഇടപാടുകാരുടെ തിരക്കുണ്ടാകുന്ന സമയത്ത് പ്രതികൾ രണ്ട് ബൈക്കുകളിലായി എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. നാലു പേരടങ്ങുന്ന സംഘത്തിൽ രണ്ടു പേർ ബാങ്കിനകത്ത് പ്രവേശിക്കുകയും രണ്ട് പേർ പുറത്തു കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറ്റവും കൂടുതൽ പണം പിൻവലിക്കുന്നവരെ കണ്ടെത്തി അവരെ പിന്തുടർന്ന് പണം കവരാനാണ് രണ്ടു പേർ ബാങ്കിനുള്ളിൽ നിലയുറപ്പിക്കുന്നതെന്നു കരുതുന്നു.
സംഭവത്തിൽ പരാതി നൽകിയപ്പോൾ പോലീസിന്റെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഒടുവിൽ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്ക് കോട്ടയം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെയാണ് പ്രതികൾ ബൈക്കിൽ സഞ്ചരിക്കുന്നത്.