ചാടിപ്പോയ മൂന്നാമത്തെ ഹനുമാന് കുരങ്ങിനെയും തിരികെ എത്തിച്ചു
1458850
Friday, October 4, 2024 5:27 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന് കുരങ്ങിനെയും പിടികൂടി കൂട്ടിലെത്തിച്ചു. കെഎസ്ബിയുടെ സഹായത്തോടെയാണ് മരത്തിനു മുകളില്‍നിന്നും കുരങ്ങിനെ പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്ക് കെഎസ്ഇബിയുടെ പ്രത്യേക ക്രെയിന്‍ ഉപയോഗിച്ച് ജീവനക്കാര്‍ കുരങ്ങ് ഇരുന്ന മരത്തിനു മുകളിലെത്തിയാണു കുരങ്ങിനെ വലയിലാക്കിയത്. 25 മീറ്ററോളം ഉയരത്തില്‍ എത്തിയശേഷം പിന്നീട് സുരക്ഷിതമായി വലയില്‍ കുടുക്കുകയായിരുന്നു. മൃഗശാലയിലെ ഡോക്ടറും മറ്റൊരു ജീവനക്കാരനുമാണ് ക്രെയിനില്‍ മുകളിലെത്തിയത്.
കുരങ്ങിനെ പിന്നീട് പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്നു മൃഗശാല അധികൃതര്‍ അറിയിച്ചു. 30നു കൂട്ടില്‍നിന്നും പുറത്തുപോയ മൂന്നു പെണ് ഹനുമാന് കുരങ്ങുകളില്‍ രണ്ടെണ്ണത്തെ നേരത്തെ പിടികൂടിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് കുരങ്ങന്മാരെ കൂട്ടില്‍ കയറ്റിയത്.
മൂന്നാമത്തെ ഹനുമാന് കുരങ്ങിനെ നിരീക്ഷിക്കാന്‍ നാലു ജീവനക്കാരെ അധികൃതര്‍ നിയോഗിച്ചിരുന്നു. കഴിഞ്ഞ 30നാണ് മൃഗശാലയില്‍ നിന്നും മൂന്നു ഹനുമാന് കുരങ്ങുകള്‍ ചാടിപ്പോയത്. മൃഗശാല പരിസരത്തെ മരത്തിനു മുകളിലാണ് ഇവ ഉണ്ടായിരുന്നത്.