നവരാത്രി വിഗ്രഹങ്ങളെത്തി : അനന്തപുരിയില്‍ നവരാത്രി ആഘോഷങ്ങൾക്കു തുടക്കം
1458849
Friday, October 4, 2024 5:20 AM IST
തിരുവനന്തപുരം: പത്മനാഭപുരം കൊട്ടാരത്തില്‍നിന്നും ചൊവ്വാഴ്ച ആരംഭിച്ച നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് അനന്തപുരിയില്‍ ഭക്തിനിര്‍ഭര സ്വീകരണം. ഘോഷയാത്രയുടെ മൂന്നാം നാളായിരുന്ന ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച എഴുന്നള്ളത്തിന് നഗരാതിര്‍ത്തിയായ നേമത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
തുടര്‍ന്ന് കരമന ആവടി അമ്മന്‍ കോവിലിലെത്തിച്ച വിഗ്രഹങ്ങള്‍ക്ക് ഇറക്കി പൂജയും സരസ്വതി ദേവിക്ക് ആറാട്ടും നടത്തി. കരമന ആവടി അമ്മന്‍ കോവിലില്‍ ഇറക്കിപ്പൂജയ്ക്കു ശേഷം വൈകുന്നേരം ആറിന് ആചാരപരമായ എഴുന്നള്ളത്ത് ആരംഭിച്ചു.
പത്മനാഭപുരം കൊട്ടാരത്തിലെ തേവരക്കെട്ടില്‍ നിന്നു സരസ്വതീദേവിയെ ആനപ്പുറത്തും വേലുത്തമ്പി ദളവ നടയ് ക്കുവച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയെയും പല്ലക്കില്‍ ശുചീന്ദ്രം മുന്നൂറ്റിനങ്കയെയുമാണ് എഴുന്നള്ളിച്ചത്. എസ്എപി ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. കിള്ളിപ്പാലത്തു പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കെ. കൈലാസനാഥന്, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി.
സരസ്വതിദേവിക്ക് പദ്മതീര്ഥക്കുളത്തില് ആറാട്ട് നടത്തി. തുടര്‍ന്നു സരസ്വതീ ദേവിയെ നവരാത്രി മണ്ഡപത്തിലെ നല്ലിരുപ്പ് മുറിയില്‍ പൂജയ്ക്കിരുത്തി. കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലേക്കും എഴുന്നള്ളിച്ചു.
വിജയദശമി ദിവസം വൈകുന്നേരം കുമാരസ്വാമിയെ പൂജപ്പുര സരസ്വതീ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ഇവിടെ പള്ളിവേട്ടയും നടത്തും. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് തലസ്ഥാനത്തേക്കുള്ള ഘോഷയാത്ര ആരംഭിച്ചത്. 14ന് വിഗ്രഹങ്ങള്‍ക്കു നല്ലിരുപ്പ്. 15ന് മടക്കയാത്ര. 17ന് വിഗ്രഹങ്ങള്‍ മാതൃക്ഷേത്രങ്ങളിലെത്തും.