സിവിൽ സ്റ്റേഷനിലെ പൊതുശുചിമുറി കാടുകയറിയ നിലയിൽ
1458843
Friday, October 4, 2024 5:20 AM IST
പേരൂർക്കട: കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ പൊതു ശുചിമുറിയും ഇ-ടോയിലറ്റും കാടുകയറിയ നിലയിൽ. ഇതോടെ പ്രാഥമികൃത്യങ്ങൾ നിർവഹിക്കാൻ മറ്റു വഴിയില്ലാതെ സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾ ബുദ്ധുമുട്ടുന്നതായി ആക്ഷേപം. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച രണ്ട് ശുചിമുറികളാണ് കാടുമുടി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുന്നത്.
ഇതോടെ പൊട്ടിപ്പൊളിഞ്ഞ് ഇവ തകർന്നു വീഴാറായ നിലയിലാണ്. ശുചിമുറികൾക്കുള്ളിൽ മലിനജലവും കെട്ടിക്കിടക്കുന്നു. കഷ്ടിച്ച് 10 മീറ്റർ മാത്രം അകലെ സ്ഥാപിച്ചിരിക്കുന്ന ഇ-ടോയ്ലറ്റും കാടുകയറിയ നിലയിലാണ്. നാണയം ഇട്ടുകഴിഞ്ഞാൽ ഡോർ തുറക്കാനും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനും സാധിക്കുന്ന വിധമുള്ള അത്യാധുനിക സംവിധാനമാണ് തുരുംമ്പെടുത്ത് നശിക്കുന്നത്.
സിവിൽ സ്റ്റേഷനുള്ളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമില്ല. ജീവനക്കാർ ഇവ പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ സിവിൽ സ്റ്റേഷന്റെ പരിസരമാണ് പലരും പ്രാഥമികകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് നാട്ടുകാരും ചിലജീവനക്കാരും ആരോപിക്കുന്നു.
ദിനവും നിരവധിപേർ വന്നുപോകുന്ന കേന്ദ്രത്തിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനുള്ള അവകാശം പോലും പൊതുജനങ്ങൾക്ക് നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ആരോപണം.