ഗാന്ധിദര്‍ശനങ്ങൾ കൂരിരുട്ടില്‍ വെളിച്ചമായി മാറണം: വി.ഡി. സതീശന്
1458612
Thursday, October 3, 2024 4:38 AM IST
തിരുവനന്തപുരം: കൂരിരുട്ടു നിറഞ്ഞ വര്‍ത്തമാനകാലത്തു ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ വെളിച്ചമായി മാറണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാളയത്ത് സംഘടിപ്പിച്ച ഗാന്ധി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വംശഹത്യയില്‍ ആനന്ദം കണ്ടെത്തുന്ന ഏകാധിപതികള്‍ ലോകത്തുടനീളം കരുത്തു പ്രാപിക്കുന്ന വര്‍ത്തമാനകാലം ലോകത്തെ വല്ലാതെ ഞെട്ടിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെ ആവര്‍ത്തനമാണോ ഈ നൂറ്റാണ്ടിലുമെന്നു തോന്നിക്കുന്ന സംഭവങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. ഇവിടെയാണു മഹാത്മാഗാന്ധിയുടെ അഹിംസയടക്കമുള്ള മൂല്യങ്ങള്‍ക്കു പ്രസക്തിയേറുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മഹാത്മാഗാന്ധി ഏകോപിപ്പിച്ചതിനെക്കുറിച്ച് ഇന്നു ചിന്തിച്ചാല്‍ നാം അത്ഭുതപ്പെട്ടു പോകും.
കാര്യമായ യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന രാജ്യത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹമെത്തി. കേരളത്തില്‍മാത്രം 33 തവണയാണ് എത്തിയത്. ഉച്ചനീചത്വങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരമാണ് ഗാന്ധിജി നടത്തിയത്. ഗുരുവായൂരിലും വൈക്കത്തും മധുരയിലും ഗാന്ധിജി ഓടിയെത്തിയത് ആരാധനാസ്വാതന്ത്ര്യം എല്ലാവര്ക്കും നേടിക്കൊടുക്കാനാണ്. ഇന്ത്യയിലെ 44 കോടി ജനങ്ങളോടും അവരുടെ ഭാഷയിലാണ് ഗാന്ധിജി സംസാരിച്ചതെന്നും വി.ഡി. സതീശന് പറഞ്ഞു.
ഗാന്ധി സ്മൃതി സംഗമത്തിന് ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കാവാലം ശ്രീകുമാര്‍ വള്ളത്തോളിന്റെ "എന്റെ ഗുരുനാഥന്' കവിത ആലപിച്ചു. ഡിസിസി നല്കുന്ന രണ്ടാമത് ഗാന്ധി സേവാ പുരസ്കാരം ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിംസ് മെഡിസിറ്റിക്ക് സമ്മാനിച്ചു.
നൂറുള്‍ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ-ചാന്‍സലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ എം.എസ്. ഫൈ സല് ഖാന് അവാര്‍ഡ് ഏറ്റുവാങ്ങി. പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. പി.കെ. രാജശേഖരന്, ഡോ. ഓമനക്കുട്ടി, ഡോ. എം.ആര്. തമ്പാന്, കാവാലം ശ്രീകുമാര്‍, പന്തളം ബാലന്, തുടങ്ങിയവരെ സ്മൃതി സംഗമത്തില്‍ ആദരിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, എം.എം. ഹസന്, വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.