മിനി സിവില്‍ സ്റ്റേഷന് ശുചീകരിച്ചു; വൃത്തിയും വെടിപ്പും പരിപാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് നഗരസഭ
1458346
Wednesday, October 2, 2024 6:36 AM IST
നെയ്യാറ്റിന്‍കര : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്നലെ നെയ്യാറ്റിന്‍കര മിനി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ഹരിതസഹായ സ്ഥാപന പ്രതിനിധികള്‍, നെയ്യാറ്റിന്‍കര ഗവ. ബോയ്സ് എച്ച്എസ്എസിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവർ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെ. ജോസ് ഫ്രാങ്ക്ളിന്, ഡോ. എം.എ സാദത്ത്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസം മിനി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസ് മേലധികാരികളെയും പങ്കെടുപ്പിച്ച് ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തിലായിരുന്നു യോഗം.
മിനി സിവില്‍ സ്റ്റേഷനിലും അവിടുത്തെ ഓഫീസുകളിലും ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമായും പാലിക്കുന്നതിന് കർശന നിർദ്ദേശം നൽകി. തുടര്‍ പരിപാടികളുടെ ഭാഗമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നിബന്ധന ലംഘിച്ചാല്‍ ആദ്യം നോട്ടീസയക്കും.
പിന്നീട് നിയമപരമായി ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക്10000 രൂപയിൽ കുറയാത്ത പിഴ ചുമത്തി നോട്ടീസ് നൽകും. ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നവര്‍ക്കെതിരെയും നടപടികളുണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.