സ്വച്ഛ് ഭാരത് അഭിയാൻ: വിവിധ പരിപാടികളുമായി ക്രൈസ്റ്റ് നഗർ കോളജ്
1458311
Wednesday, October 2, 2024 6:24 AM IST
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രസർക്കാറിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മലയൻകീഴ് പഞ്ചായത്തിലെ മണപ്പുറം വില്ലേജിൽ നടന്ന പ്ലാസ്റ്റിക് വിരുദ്ധ കാന്പയിൻ മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി ഉദ്ഘാടനം ചെയ്തു. പരിസരപ്രദേശങ്ങളിലെ വീടുകളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും അതിന്റെ നിർമാർജനവും മനസിലാക്കുന്നതിനായി എൻഎസ്എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ സർവേയും സംഘടിപ്പിച്ചു.
തിരുവനന്തപുരം സബ് അർബൻ റോട്ടറി ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് നെയ്യാറ്റിൻകര സർക്കാർ ആശുപത്രി ശുചീകരിച്ചു. ഡോ. കെ.രാജേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രതിനിധി ഡോ. ജി. സുദേവൻ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജർ ഫാ. സിറിയക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ആർ. രാജേഷ് കുമാർ, ഡി.വി. ആതിര എന്നിവർ വിവിധ പരിപാടികൾക്കു നേതൃത്വം നൽകി.