ഒരു വർഷത്തിനുള്ളിൽ തലസ്ഥാനം കളറാകും
1600949
Sunday, October 19, 2025 6:34 AM IST
പാളയത്ത് വി.എസ്.അച്യുതാനന്ദൻ അർബൻ പാർക്ക്, അഞ്ചിടങ്ങളിൽ സൗന്ദര്യവത്ക്കരണം
തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ തലസ്ഥാന നഗരം കളറാക്കാനുള്ള കിടിലൻ പദ്ധതികളുമായി തിരുവനന്തപുരം വികസന അഥോറിറ്റി(ട്രിഡ). പാളയത്ത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേരിൽ അർബൻ പാർക്ക്, വട്ടിയൂർക്കാവിൽ പുനരധിവാസ കെട്ടിടം, ജവഹർ ബാലഭവനിൽ പ്ലേ സ്കേപ്പ്, ചാക്ക-ഈഞ്ചക്കൽ ഫ്ളൈ ഓവറിന്റെ താഴ്ഭാഗം സൗന്ദര്യവത്ക്കരിക്കുന്ന ’ആമുഖം’, ചാക്ക-ശംഖുമുഖം-എയർപോർട്ട് ആഭ്യന്തര ടെർമിനൽ കോറിഡോർ സൗന്ദര്യവത്ക്കരണം,
ജവഹർ ബാലഭവനിൽ ലൈബ്രറിയും കുട്ടികളുടെ തീയറ്ററും, എൽഎംഎസ്-വെള്ളയന്പലം-കവടിയാർ-പൈപ്പ്ലൈൻ റോഡ് സൗന്ദര്യവൽക്കരണം തുടങ്ങിയ പദ്ധതികൾ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ട്രിഡ ചെയർമാൻ കെ.സി വിക്രമൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വി.എസ്.അച്യുതാനന്ദൻ അർബൻ പാർക്ക്
പാളയം രക്തസാക്ഷി മണ്ഡപത്തിന് അഭിമുഖമായി 1.2 ഏക്കറിലാണ് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സ്മരണ നിലനിർത്താൻ മനോഹരമായ പാർക്ക് നിർമിക്കുന്നത്. ഇതിനായി സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് 1.64 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കോസ്റ്റ് ഫോർഡ് ആണ് നിർവഹണ ഏജൻസി. വയോജന സൗഹൃദ നടപ്പാതകൾ, കുട്ടികളുടെ കളിയിടം, ഓപ്പണ്‍ ജിം, പുൽത്തകിടി, ജലധാരയും ആന്പൽത്തടാകവും,
ലഘുഭക്ഷണ കിയോസ്കുകൾ, വിഐപി പാർക്കിംഗ് സൗകര്യം, പൊതുശൗചാലയങ്ങൾ, ഓപ്പണ്‍ എയർ ഓഡിറ്റോറിയം എന്നിവയാണ് പാർക്കിന്റെ പ്രത്യേകതകൾ. പാർക്കിന്റെ നിർമാണ ഉദ്ഘാടനം വി.എസിന്റെ ജന്മദിനമായ 22 ന് രാവിലെ 11.30 ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. ഭാവിയിൽ വി.എസ്.അച്യുതാനന്ദന്റെ ഒരു പൂർണകായ പ്രതിമ ഇവിടെ സ്ഥാപിക്കുമെന്നും ട്രിഡ വ്യക്തമാക്കി.
പുനരധിവാസ കെട്ടിട നിർമാണം
വട്ടിയൂർക്കാവ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. കിഫ്ബിയുടെ സാന്പത്തിക സഹായത്തോടെ 2.17 ഏക്കർ ഇതിനകം ഒഴിപ്പിച്ചെടുത്തു. 89 കോടി രൂപയാണ് കിഫ്ബി ചില വഴിച്ചത്. മൂന്നു നിലകളിലായാണ് പ്രധാന കെട്ടിടം നിലക്കൊള്ളുന്നത്. അതിനോടൊപ്പം എ ബ്ലോക്ക് കെട്ടിടവുമുണ്ട്.
ആകെ വിസ്തീർണം 2153 ചതുരശ്ര മീറ്ററാണ്. ആംഫി തിയേറ്ററുണ്ട്. പാർക്കും പൊതുയോഗത്തിനുള്ള സ്ഥലവുമുണ്ട്. കുട്ടികളുടെ കളിയിടങ്ങളുണ്ട്. ഒന്നാംഘട്ട മായി 9.26 കോടി രൂപയുടെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള നിർമാണമാണ് നടത്തുക. ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. സാങ്കേതിക അനുമതി ലഭിച്ചാലുടൻ ഈ വർഷം തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും.
അർബൻ റെജുവനേഷൻ & ബ്യൂട്ടിഫിക്കേഷൻ സ്കീം
കിഫ്ബി വഴി നഗരത്തെ സൗന്ദര്യവത്ക്കരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള അഞ്ചു പദ്ധതികളാണ് ഈ സ്കീമിനു കീഴിൽ നടപ്പിലാക്കുന്നത്. ട്രിഡ തയ്യാറാക്കി നൽകി കിഫ്ബി അംഗീകരിച്ച ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമാണ ചുമതല സ്മാർട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിനാണ്. പദ്ധതിയുടെ പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നത് ട്രിഡ ആയിരിക്കും.
അറിവിടം: ജവഹർ ബാലഭവനിലെ കാര്യക്ഷമമായി ഉപയോഗിക്കപ്പെടാത്ത തുറസായ സ്ഥലം ഉപയോഗപ്പെടുത്തി കുട്ടികൾക്കായി അത്യാധുനിക പ്ലേ സ്കേപ്പ് നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇവിടെ പ്രദർശനത്തിനായി സ്ഥാപിച്ചിരിക്കുന്ന സീ ഹോക്ക് യുദ്ധ വിമാനത്തിനു സമീപം ക്യൂ ആർ കോഡ് സ്ഥാപിക്കും. മൊബൈൽ ഉപയോഗിച്ച് ഇത് സ്കാൻ ചെയ്താൽ ഏവിയേഷൻ ചരിത്രത്തിലെ അറിവിന്റെ ലോകം അവർക്കു മുന്നിൽ തുറക്കും.
ആമുഖം: ചാക്ക, ഈഞ്ചയ്ക്കൽ ഫ്ളൈ ഓവറിന്റെ താഴ്ഭാഗം സൗന്ദര്യവത്ക്കരിക്കുന്ന പദ്ധതിയിൽ ആർട്ട് ഇൻസ്റ്റലേഷനുകൾ, ലാൻഡ് സ്കേപ്പിംഗ്, ലൈറ്റിംഗ്, റോഡരികിലെ നടപ്പാത, ചുമർചിത്രങ്ങൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇവിടം: ചാക്ക-ശംഖുമുഖം ബീച്ച്-എയർപോർട്ട് ആഭ്യന്തര ടെർമിനൽ-കോറിഡോർ സൗന്ദര്യവത്ക്കരണം ’ഇവിടം’ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. കാൽനടപ്പാത, ഇരിപ്പിടങ്ങൾ, വാൾ ആർട്ട്, ഇൻസ്റ്റാലേഷനുകൾ, സുസ്ഥിര ലാൻഡ്സ്കേപ്പ്, ലൈറ്റിംഗ്, കുടിവെള്ള സൗകര്യം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
അറിവിടം: ജവഹർ ബാലഭവനിൽ രണ്ടാം ഘട്ടമായി പ്രധാന സ്കൂൾ കെട്ടിടം, ഓഫീസ്, ലൈബ്രറി കെട്ടിടം, കുട്ടികളുടെ തീയേറ്റർ, കളി സ്ഥലങ്ങൾ തുടങ്ങിയവയാണ് നിർമിക്കുക.
എൽഎംഎസ്-വെള്ളയന്പലം-കവടിയാർ-പൈപ്പ്ലൈൻ റോഡ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ലാന്റ് സ്കേപ്പിംഗ്, ലൈറ്റിംഗ്, ഫുട്പാത്തുകൾ, സൈക്കിൾ ട്രാക്ക്, ഓപ്പണ്‍ ജിം, പാർക്ക് എന്നിവ നിർമിക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്.