ലോറി തടഞ്ഞ് പണപ്പിരിവ്: ആർടി ഓഫീസിലെ മുൻ ഡ്രൈവർ അറസ്റ്റില്‍
1600756
Saturday, October 18, 2025 6:00 AM IST
വിഴിഞ്ഞം: ബൈപ്പാസിലൂടെ രാത്രികാലങ്ങളിൽ വരുന്ന വാഹനങ്ങൾ തടഞ്ഞ് പണപ്പിരിവ് നടത്തിയ സംഭവത്തിൽ ആർടി ഓഫീസിലെ മുൻ താൽക്കാലിക ഡ്രൈവറെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം കരിച്ചൽ രതീഷ് ഭവനിൽ രതീഷ് (37) ആണ് അറസ്റ്റിലായത്. ഇയ്യാൾ പാറശാല ആർടി ഓഫീസിൽ രണ്ടുവർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കോവളം - കാരോട് ബൈപ്പാസിൽ പൂവാർ - കാഞ്ഞിരംകുളം സ്റ്റേഷൻ പരിധിയിൽ രാത്രികാലങ്ങളിൽ ലോറികൾ തടഞ്ഞ് വാഹന ഉടമകളിൽ നിന്നും വൻതോതിൽ പണം പിരിവ് നടത്തിവന്ന കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായ രതീഷ്. കേസിൽ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.
തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ കാവൽകിണർ സ്വദേശിയായ സെന്തിൽകുമാർ നൽകിയ പരാതിയിൽ ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നും വിഴിഞ്ഞം അദാനി പോർട്ടിലേക്ക് കരിങ്കല്ല് കയറ്റി കൊണ്ടുവരുന്ന ലോറികളിൽ നിന്നാണ് ഉദ്യോഗസ്ഥരും പ്രതിയും ചേർന്ന് പണം പിരിപ്പ് നടത്തി വന്നത്.
ആർടിഒ എൻഫോഴ്സ്മെൻറ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് ലോറികൾ തടഞ്ഞ് പണം തട്ടിയെടുക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് കാഞ്ഞിരംകുളം എസ് എച്ച് ഒ.പി രതീഷ് പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.