പുതിയ ചുവടുവയ്പുമായി വിഴിഞ്ഞം തുറമുഖം
1600953
Sunday, October 19, 2025 6:34 AM IST
കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് സർവീസ്
വിഴിഞ്ഞം :പുതിയ ചുവടുവയ്പുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ്് സർവീസ് തുടങ്ങി. അദാനി ബങ്കറിങ് കമ്പനിയുടെ നേതൃത്വത്തിൽ എം ടി ഷോൺ 1 എന്ന കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എംഎസ്സി അക്കിറ്റെറ്റ എന്ന കപ്പലിലാണ് ആദ്യമായി വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ നിറച്ച് തുടക്കം കുറിച്ചത്.
വിഴിഞ്ഞത്ത് ഈ സേവനം തുടങ്ങിയതോടെ കപ്പലുകളിൽ ഇന്ധനം നിറക്കാൻ സിംഗപ്പൂർ, ശ്രീലങ്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. ട്രാൻഷിപ്മെന്റ് ഹബ് ആയി വളരുന്ന വിഴിഞ്ഞം ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്ക്കൽ കേന്ദ്രമായും അധികം വൈകാതെ മാറും.
മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ബങ്കറിൽ എത്തിക്കുന്ന ഇന്ധനം തീരത്തു നിന്ന് 18 കിലോമീറ്റർ ( 10 നോട്ടിക്കൽ) ഉൾക്കടൽവരെയുള്ള അന്തർദേശീയ കപ്പൽ ചാനലിൽ നങ്കൂരമിടുന്ന കപ്പലുകൾക്കും എത്തിക്കാനാകുമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. ഇതുവഴി സർക്കാരിന് വൻ നികുതി വർധനവ് ഉണ്ടാകുമെന്നും അധികൃതർ കരുതുന്നു.
അന്താരാഷ്ട്ര കപ്പൽ ചാനൽ വഴി ദിനംപ്രതി നൂറ് കണക്കിന് കപ്പലുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുമായി കടന്നുപോകുന്നുണ്ട്. ഇവക്കെല്ലാം ഏറെ പ്രയോജനം വരത്തക്ക രീതിയിലാണ് വിഴിഞ്ഞത്ത് ബങ്കറിംഗ് വിധാനമൊരുക്കിയത്.