വയലാറിന് കവിത്വം വരമായി ലഭിച്ചു: മധു
1600744
Saturday, October 18, 2025 5:49 AM IST
തിരുവനന്തപുരം: കവിത്വം ദൈവാനുഗ്രഹമായി ലഭിച്ച പ്രതിഭാശാലിയായിരുന്നു വയലാർ രാമവർമയെന്ന് മലയാളത്തിന്റെ പ്രിയ ചലച്ചിത്ര നടനും സംവിധായകനുമായ മധു. ഒരു വലിയ കവിയുടെയോ ഗാനരചയിതാവിന്റെയോ യാതൊരുവിധ പരിവേഷങ്ങളുമില്ലാതെയാണ് വയലാർ ജീവിച്ചത് എന്നും മധു പറഞ്ഞു. വയലാർ രാമവർമ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന വയലാർ രാമവർമ സാംസ്കാരിക ഉത്സവത്തിന്റെ ആദ്യ ദിവസമായ ഇന്നലെ വയലാർ വജ്രരത്ന പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണമൂലയിലെ മധുവിന്റെ വസതിയായ ശിവഭവനിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പുരസ്കാരം സമ്മാനിച്ചു. പത്തുദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ പതാകയും കടകംപള്ളി സുരേന്ദ്രൻ മധുവിന് നൽകി ഉത്സവത്തിന് തുടക്കം കുറിച്ചു. വയലാർ രാമവർമയുടെ അൻപതാം ചരമവാർഷികത്തിന്റെ ഭാഗമായാണ് സാംസ്കാരിക ഉത്സവം.
വയലാറിനൊപ്പം ജീവിക്കുക, വയലാറിന്റെ പാട്ടുകൾ സ്വീകരിക്കാൻ കഴിയുക എന്നത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്നും മധു പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിൽ വയലാറുമായി അടുത്തിടപഴകാനുള്ള നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. പുലർച്ചയാണ് വയലാർ കവിതകളും ഗാനങ്ങളും എഴുതിയിരുന്നത്. പകൽസമയം സുഹൃത്തുക്കളുമായി ഒത്തുകൂടുവാനും യാത്ര ചെയ്യുവാനും വയലാർ താൽപര്യം കാണിച്ചിരുന്നു.
വയലാറിനെ ദേഷ്യപ്പെട്ടോ സങ്കടപ്പെട്ടോ ഒരിക്കലും താൻ കണ്ടിട്ടില്ല. വളരെ സൗഹാർദ്ദപരമായി എല്ലാവരോടും ഇടപഴകുന്ന ഒരു വലിയ മനുഷ്യൻ കൂടിയായിരുന്നു അദ്ദേഹം. മലയാള നാടും ഭാഷയും ഉള്ള കാലത്തോളം വയലാർ രാമവർമ നിലനിൽക്കും എന്നും മധു ചൂണ്ടിക്കാട്ടി.
ദാദാ സാഹിബ് ഫാൽക്കേയോട് ഇന്ത്യൻ സിനിമ എങ്ങനെ കടപ്പെട്ടിരിക്കുന്നുവോ ഏതാണ്ട് അതിനു സമാനമായി മലയാള സിനിമ മധു എന്ന മഹാനായ നടനോട് കടപ്പെട്ടിരിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുൻ മന്ത്രി എം.വിജയകുമാർ സന്നിഹിതനായിരുന്നു. ചടങ്ങിന് വയലാർ രാമവർമ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഗായകരായ രവിശങ്കർ, സരിത രാജീവ്, രഞ്ജിനി സുധീരൻ, ശ്രീജിത്ത് തുടങ്ങിയവർ മധു അഭിനയിച്ച ചിത്രങ്ങളിലെ തുൾപ്പെടെ പ്രശസ്ത ഗാനങ്ങൾ ആലപിച്ചു.