നേമം സഹകരണ ബാങ്ക് തട്ടിപ്പ് : രാജേന്ദ്രനെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി
1600749
Saturday, October 18, 2025 6:00 AM IST
നേമം : നേമം സഹകരണ ബാങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ സെക്രട്ടറി എ.ആര്. രാജേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്നലെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനായി എത്തിയത്. രാജേന്ദ്രനെ പുറത്തിറക്കിയതോടെ നിക്ഷേപകര്‍ കൂകി വിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. സ്ത്രീകളടക്കം നിരവധി നിക്ഷേപകര്‍ രാവിലെ മുതല്‍ രാജേന്ദ്രനെ കൊണ്ടുവരുന്നതും കാത്ത് ബാങ്കിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു.
തട്ടിപ്പിലെ രണ്ടാം പ്രതിയായ ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ആഴ്ച ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. പ്രതിഷേധം ഭയന്ന് കനത്ത പോലീസ് കാവൽ ഏര്‍പ്പെടുത്തിയിരുന്നു. നേമം ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനുശേഷം ഇയാള്‍ മാസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ സുപ്രീംകോടതിയില്‍ നിന്നും ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. രാജേന്ദ്രന് സെക്രട്ടറിയായിരുന്ന കാലത്ത് കോടികളുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മറ്റൊരു മുന്‍ സെക്രട്ടറിയും ഒന്നാം പ്രതിയുമായ എസ്. ബാലചന്ദ്രന് നായരെയും , മുന്‍ പ്രസിഡന്റ് ആര്. പ്രദീപ് കുമാറിനെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
96 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന ബാങ്കില്‍ ഇപ്പോള്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട ശേഷം അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിക്ഷേപം തിരികെ ലഭിച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മാനും കണ്‍വീനര്‍ കൈമനം സുരേഷും അറിയിച്ചു.