സിനിമകൾക്ക് ചെയ്യാനാകാത്ത സാമൂഹ്യ ധർമം പ്രഫഷണൽ നാടകങ്ങൾ നിർവഹിക്കുന്നു: കെ. ജയകുമാർ
1601310
Monday, October 20, 2025 6:44 AM IST
തിരുവനന്തപുരം: പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സമൂഹത്തെ സജ്ജമാക്കുക എന്ന, സിനിമകൾക്ക് ചെയ്യാൻ സാധിക്കാത്ത വലിയ ധർമം പ്രഫഷണൽ നാടകങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുകയാണെന്ന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ. സംസ്കാര സാഹിതി പ്രഥമ നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിലെ സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ധാർമിക സമസ്യകളെ ചലച്ചിത്ര മേഖല വളരെ ഉദാസീനമായി അഭിമുഖീകരിക്കുമ്പോൾ നാടകങ്ങളാണ് ഏറ്റവും ധീരമായി അവയെ അരങ്ങത്ത് അവതരിപ്പിക്കുന്നത്. എഐ പോലുള്ള ടെക്നോളജികൾ എല്ലാ മേഖലയെയും കീഴടക്കുന്ന ഈ കാലത്ത് നാടകം മാത്രമാണ് ഇന്നൊരു ശുദ്ധകല എന്ന് പറയാവുന്ന ഏകകലയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ, ലളിതകല അക്കാദമി മുൻ ചെയർമാനും കാർട്ടൂണിസ്റ്റുമായ കാട്ടൂർ നാരായണപിള്ള, സംരംഭക ഷീല ജെയിംസ്, നാടക കലാ പ്രവർത്തകൻ ചെറുന്നിയൂർ നമശിവായൻ, സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ കെ.ആർ.ജി ഉണ്ണിത്താൻ, സംസ്ഥാന സെക്രട്ടറി മണ്ണാന്മൂല രാജേഷ്, ജില്ലാ സെക്രട്ടറിമാരായ എം. രാജേഷ് കുമാർ, കുറ്റിച്ചൽ രാജേഷ് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്കാര സാഹിതിയുടെ ഇന്നത്തെ ലോഗോയും ജവഹർലാൽ ബാലജനവേദി എന്ന അഖിലേന്ത്യ സംഘടനയുടെ ലോഗോയും തയ്യാറാക്കിയ കാട്ടൂർ നാരായണപിള്ള പഴയ അനുഭവങ്ങൾ വിവരിച്ചത് സദസിന് കൗതുകമായി. ശേഷം കൊല്ലം അനശ്വര തിയേറ്ററിന്റെ "ആകാശത്തൊരു കടൽ' നാടകം അവതരിപ്പിച്ചു.
ഇന്ന് വൈകിട്ട് 5.30ന് ഭാരത്ഭവൻ മണ്ണരങ്ങിൽ അടൂർ പ്രകാശ് എംപി, സിനിമ സംവിധായകൻ ശ്യാമ പ്രസാദ്, സിനിമ- നാടക പ്രവർത്തകൻ അലൻസിയർ തുടങ്ങിയർ പങ്കെടുക്കുന്ന സംസ്കാരിക സമ്മേളനം. തുടർന്ന് തിരുവനന്തപുരം സൗപർണിക തിയേറ്ററിന്റെ അവതരിപ്പിക്കുന്ന നാടകം "താഴ്വാരം’.